കുട്ടികൾ അമ്മമാരുടെ ലിപ്സ്റ്റിക്കും മേക്കപ്പ് സാധനങ്ങളും ഉപയോഗിക്കുന്നത് കാണാൻ രസമാണ്. എന്നാൽ, മുതിർന്നവർക്കായി നിർമിക്കുന്ന ഈ സൗന്ദര്യവർധക വസ്തുക്കൾ കുട്ടികളുടെ മൃദുവായ ചർമത്തിൽ വരുത്തിവെക്കുന്ന അപകടങ്ങൾ പലപ്പോഴും നാം തിരിച്ചറിയാറില്ല.
മുതിർന്നവരേക്കാൾ വളരെ സെൻസിറ്റീവ് ആണ് കുട്ടികളുടെ ചർമം. അവരുടെ ചർമത്തിലെ കോശങ്ങളുടെ പാളികൾ നേർത്തതായതിനാൽ കെമിക്കലുകളെ പെട്ടെന്ന് ആഗിരണം ചെയ്യും. ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കുട്ടികളുടെ ശരീരത്തിലേക്ക് വേഗത്തിൽ പ്രവേശിക്കാനും ഇത് അലർജി ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.
വിപണിയിൽ ഇന്ന് ലഭ്യമാകുന്ന കുറഞ്ഞ വിലയിലുള്ളതും ഗുണനിലവാരം കുറഞ്ഞതുമായ ലിപ്സ്റ്റിക്കുകൾ വലിയ അപകടമാണ് വരുത്തിവെക്കുന്നത്. ഇത്തരം ഉൽപന്നങ്ങൾ പലപ്പോഴും കൃത്യമായ മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ പാലിച്ചല്ല നിർമിക്കപ്പെടുന്നത്. അതിനാൽ തന്നെ ഇവയിൽ നിരോധിക്കപ്പെട്ടതും ഹാനികരവുമായ രാസവസ്തുക്കൾ വലിയ അളവിൽ ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇത് കുട്ടികളുടെ ചർമത്തിന് താങ്ങാവുന്നതിലും അധികമാണ്.
ലിപ്സ്റ്റിക്കിലെ വില്ലന്മാർ
- ലെഡ് (Lead): പല ബ്രാൻഡുകളിലെ ലിപ്സ്റ്റിക്കുകളിലും ചെറിയ അളവിൽ ലെഡ് അടങ്ങിയിട്ടുണ്ട്. കുട്ടികൾ ലിപ്സ്റ്റിക് ഇടുമ്പോൾ അറിയാതെ അത് ഉള്ളിലേക്ക് പോകാൻ സാധ്യതയുണ്ട്. ഇത് കുട്ടികളുടെ മസ്തിഷ്ക വികാസത്തെയും നാഡീവ്യൂഹത്തെയും ദോഷകരമായി ബാധിച്ചേക്കാം.
- കാഡ്മിയം, ക്രോമിയം (Chromium): ഈ ഘനലോഹങ്ങൾ ശരീരത്തിന് കടുത്ത ഹാനികരമാണ്. പ്രത്യേകിച്ചും ലിപ്സ്റ്റിക്കുകളിൽ അടങ്ങിയിരിക്കുന്ന ക്രോമിയം ഭാവിയിൽ ക്യാൻസർ (Cancer) ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
- കൃത്രിമ നിറങ്ങളും സുഗന്ധവും: ലിപ്സ്റ്റിക്കിന് നിറവും മണവും നൽകാൻ ചേർക്കുന്ന കെമിക്കലുകൾ കുട്ടികളുടെ ചുണ്ടുകളിൽ കടുത്ത ചൊറിച്ചിൽ, നീറ്റൽ, ചുണ്ടുപൊട്ടി കീറൽ എന്നിവയുണ്ടാകാം
മുഖ്യമായ ദോഷഫലങ്ങൾ
- ചുണ്ടുകളിലെ കറുപ്പ് നിറം: ലിപ്സ്റ്റിക്കിലെ രാസവസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നത് കുട്ടികളുടെ സ്വാഭാവികമായ റോസ് നിറം നഷ്ടപ്പെടുത്തുകയും ചുണ്ടുകൾ കറുത്ത് വരാൻ കാരണമാകുകയും ചെയ്യും.
- അലർജി: മുഖത്തും ചുണ്ടിലും ചെറിയ കുരുക്കൾ വരിക, നീർവീക്കം ഉണ്ടാകുക എന്നിവ സാധാരണമാണ്.
- ഉദരസംബന്ധമായ പ്രശ്നങ്ങൾ: ചുണ്ടിൽ പുരട്ടുന്ന ലിപ്സ്റ്റിക് ആഹാരത്തോടൊപ്പം വയറ്റിലെത്തുന്നത് ദഹനപ്രശ്നങ്ങൾക്കും അണുബാധയ്ക്കും കാരണമായേക്കാം.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
. ചുരുങ്ങിയത് 12-13 വയസ്സ് വരെയെങ്കിലും കുട്ടികളെ മേക്കപ്പ് സാധനങ്ങളിൽ നിന്ന് പൂർണമായി അകറ്റി നിർത്തുന്നതാണ് നല്ലത്.
. 12-13 വയസ്സിന് ശേഷമാണെങ്കിൽ പോലും ലിപ്സ്റ്റിക്കുകളുടെ സ്ഥിരവും ദിവസേനയുള്ളതുമായ ഉപയോഗം പൂർണമായും ഒഴിവാക്കേണ്ടതാണ്.
സുരക്ഷിതമായ മാർഗ്ഗങ്ങൾ
ഫോട്ടോ ഷൂട്ടിനോ മറ്റോ നിർബന്ധമാണെങ്കിൽ മാത്രം ലിപ്സ്റ്റിക്കിന് പകരം ഓർഗാനിക് ലിപ് ബാം അല്ലെങ്കിൽ നെയ്യോ ഉപയോഗിക്കാം.
ഉടൻ നീക്കം ചെയ്യുക: അഥവാ ലിപ്സ്റ്റിക് ഉപയോഗിച്ചാൽ ചടങ്ങുകൾ കഴിഞ്ഞാലുടൻ വെളിച്ചെണ്ണ ഉപയോഗിച്ച് മൃദുവായി തുടച്ചു മാറ്റണം. ഒരിക്കലും കടുത്ത സോപ്പ് ഉപയോഗിച്ച് ഉരച്ചു കഴുകരുത്.
