കൗമാരക്കാരിൽ ഉയർന്ന രക്തസമ്മർദവും പ്രമേഹസാധ്യതയും വർധിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്കൂളുകളിൽ ‘ഷുഗർ ബോർഡ്’ നിർബന്ധമാക്കി സർക്കാർ. അമിത പഞ്ചസാര ഉപഭോഗത്തിന്റെ അപകടസാധ്യതയെക്കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെൻറർ (സി.ഡി.സി.) നടത്തിയ പഠനത്തിലാണ് വിദ്യാർഥികളിൽ ജീവിതശൈലീരോഗങ്ങൾ വർധിക്കുന്നതായുള്ള വെളിപ്പെടുത്തൽ.
സംസ്ഥാനത്തെ 760 സ്കൂളുകളിലായി 1.08 ലക്ഷം കുട്ടികൾക്കിടയിലായിരുന്നു പരിശോധന. ഈ പഠനറിപ്പോർട്ട് മുഴുവനായി പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ, തിരുവനന്തപുരം ജില്ലയിലെ കണക്കുകളിൽ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലായി 33% കുട്ടികൾക്ക് ഉയർന്ന രക്തസമ്മർദം കണ്ടെത്തി.
മധുരമുള്ള ലഘുഭക്ഷണങ്ങൾ, ശീതളപാനീയങ്ങൾ, സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, ജങ്ക് ഫുഡ് എന്നിവയുടെ അമിതോപയോഗമാണ് കുട്ടികളെ ജീവിതശൈലീരോഗങ്ങളിലേക്ക് തള്ളിവിടുന്നതെന്നാണ് വിലയിരുത്തൽ. ഇവയുടെ അമിതോപയോഗമാണ് കൗമാരക്കാരിൽ അമിതമായി പഞ്ചസാരയുടെ അളവ് വർധിക്കാനുള്ള കാരണം.
കൂടാതെ, ദന്തരോഗം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. സ്കൂൾ പരിസരങ്ങളിൽ ഈ ഭക്ഷ്യസാധനങ്ങൾ സുലഭമായി ലഭിക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ്, സ്കൂളിൽ ബോധവത്കരണത്തിനായി ‘ഷുഗർ ബോർഡ്” വെയ്ക്കുന്നത്.
ക്ലാസ് മുറി, അടുക്കള, സ്കൂൾ കാൻ്റീൻ, കഫ്റ്റീരിയ, ഡൈനിങ് ഹാൾ, പൊതുവിടങ്ങൾ എന്നിവിടങ്ങളിലെല്ലാം ബോർഡുകൾ സ്ഥാപിക്കാനാണ് നിർദേശം.
ഇതിനെല്ലാം പുറമേ, ആരോഗ്യപരിശോധനയിൽ 1.3% പേർ പുകവലിക്കുന്നുണ്ടെന്നും 0.7% പേർ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞു.
മറ്റു കണ്ടെത്തലുകൾ
* 24.7% പേർക്ക് ഗ്രേഡ് ഒന്ന് ഹൈപ്പർ ടെൻഷൻ
* 8.3% പേർക്ക് ഗ്രേഡ് രണ്ട് ഹൈപ്പർടെൻഷൻ
*6.4% പേർക്ക് കടുത്ത മാനസികസമ്മർദം
*19% പേർക്ക് അമിതഭാരം
*6.4% പേർക്ക് പൊണ്ണത്തടി
പ്രമേഹഭീഷണി
ഏകദേശം 26 ശതമാനം വിദ്യാർഥികളിൽ അകാന്തോസിസ് നൈഗ്രിക്കൻസ് എന്ന ചര്മാവസ്ഥ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിൽ കറുത്ത നിറത്തിൽ ചർമം കട്ടിയാകുന്ന ഈ അവസ്ഥ ഇൻസുലിൻ പ്രതിരോധത്തിന്റെ സൂചനയാകാം. ഇതും പ്രമേഹസാധ്യത കൂട്ടുന്നു.
