പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ആരോഗ്യ സ്ഥിതി മോശമായിരുന്നു. മകന്‍ മനോജിന്റെ മരണം അദ്ദേഹത്തെ തളര്‍ത്തിയരുന്നു.

‘ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ വിശേഷിപ്പിക്കപ്പെടുന്നത്. തമിഴ് ചലച്ചിത്ര ലോകത്തെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും പച്ചയായ ഗ്രാമങ്ങളിലേക്ക് പറിച്ചുനട്ട വിപ്ലവകാരിയായ സംവിധായകനായിരുന്നു ഭാരതിരാജ. സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഭാരതീരാജ തിളങ്ങി.

തമിഴ് സിനിമയുടെ ഗതി മാറ്റിക്കുറിച്ച മാന്ത്രികനായിരുന്നു ഭാരതിരാജ. ഗ്രാമീണ ജീവിതത്തിന്റെ നന്മയും തനിമയും ക്രൂരതയും ഒരേപോലെ വെള്ളിത്തിരയില്‍ പകര്‍ത്തിയ ഭാരതീരാജ, തമിഴ് സിനിമയെ സ്റ്റുഡിയോകളുടെ ചുവരുകള്‍ക്കുള്ളില്‍ നിന്നും നാട്ടുമ്പുറങ്ങളിലെ പാടവരമ്പുകളിലേക്ക് ഇറക്കിക്കൊണ്ടുവന്നു.

തമിഴ്‌നാട്ടിലെ തേനിക്കടുത്തുള്ള അല്ലിനഗരത്തില്‍ പെരിയമായ തേവരുടെയും കറുത്തമ്മാളിന്റെയും മകനായാണ് 1941 ജൂലൈ 17-ന് ചിന്നസാമി എന്ന ഭാരതിരാജ ജനിച്ചത്. കുട്ടിക്കാലം മുതലേ നാടകങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്നു. 1960-കളില്‍ സിനിമാ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. പ്രശസ്ത സംവിധായകന്‍ പുട്ടണ്ണ കനഗലിന്റെ സഹായിയായി സിനിമാ പ്രവേശം. 1977-ല്‍ പുറത്തിറങ്ങിയ ‘പതിനാറു വയതിനിലേ’ എന്ന ആദ്യ ചിത്രം തന്നെ തമിഴ് സിനിമയിലെ വിപ്ലവമായിരുന്നു. കമല്‍ ഹാസന്‍, രജനീകാന്ത്, ശ്രീദേവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം റിയലിസ്റ്റിക് സിനിമകളുടെ പുതിയൊരു യുഗത്തിന് തുടക്കമിട്ടു.

ശിവാജി ഗണേശന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ മുതല്‍ മരിയാതൈ, സൈക്കോളജിക്കല്‍ ത്രില്ലറായ സിഗപ്പു റോജാക്കള്‍, പ്രണയത്തിന്റെ തീവ്രതയും ജാതിയുടെ വേലിക്കെട്ടുകളും മനോഹരമായി വരച്ചുകാട്ടിയ അലൈകള്‍ ഓയ് വതില്ലൈ, ജാതി വിവേചനത്തിനെതിരെയുള്ള ശക്തമായ പ്രഹരമായ വേദം പുതിത്, പെണ്‍ഭ്രൂണഹത്യ ചര്‍ച്ച ചെയ്ത കറുത്തമ്മ തുടങ്ങി എത്രയോ ക്ലാസിക് ചിത്രങ്ങളാണ് ഭാരതീരാജയിലൂടെ പിറന്നത്.

തമിഴിനു പുറമേ, തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ സംവിധാനം ചെയ്തു. 1978 മുതല്‍ നടനായും ഭാരതീരാജ വെള്ളിത്തിരയിലുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ മലയാള ചിത്രമായ തുടരും എന്ന ചിത്രത്തിലാണ് അവസാനം വേഷമിട്ടത്. കറുത്തമ്മയില്‍ മലേഷ്യ വാസുദേവനൊപ്പം എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ കാട് പൊറ്റ കാട് എന്ന ഗാനവും ഭാരതീരാജ ആലപിച്ചു. ആറ് ദേശീയ പുരസ്‌കാരങ്ങളും ഒട്ടനവധി സംസ്ഥാന അവാര്‍ഡുകളും ഭാരതീരാജയെ തേടിയെത്തി. 2004-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2013-ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.