പൊതുവിദ്യാലയങ്ങളിൽ ഈ അധ്യയന വർഷത്തെ വിദ്യാർഥികളുടെ കണക്കെടുപ്പ് പൂർത്തിയായി ആറാം പ്രവ്യത്തി ദിനമായ ജൂണ്‍ 8-ന് ഓരോ സ്കൂളിൽ നിന്നുമുള്ള കുട്ടികളുടെ എണ്ണം സമ്പൂർണ പോർട്ടൽ വഴി ഓൺലൈനായാണ് നൽകിയിരിക്കുന്നത്. ഒന്നാം ക്ലാസിൽ പുതിയതായി പ്രവേശനം നേടിയതടക്കം കുട്ടികളുടെ എണ്ണം മുൻ വർഷത്തെക്കാൾ കുറഞ്ഞതായാണ് പ്രാഥമിക വിവരം.
കണക്കെടുത്തതിൽ പിഴവില്ലാത്ത യു ഐഡി (ആധാർ) ഉള്ള കുട്ടികളുടെ എണ്ണം മാത്രമാകും ഇത്തവണയും തസ്തിക നിർണയത്തിന് പരിഗണിക്കുക. എന്റർ ചെയ്ത ആധാറിൽ പിഴവുള്ളവ തിരുത്താൻ 25 വരെ സാവകാശം നൽകാനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനം. വിദ്യാഭ്യാസ ചട്ട പ്രകാരം ആറാം പ്രവൃത്തി ദിവസത്തിലെ കണക്കെടുപ്പ് അനുസരിച്ച് ജൂലൈ 15ന് ആണ് തസ്തിക നിർണയം പൂർത്തിയാക്കേണ്ടത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി തസ്തിക നിർണയവും അതനുസരിച്ചുള്ള അധ്യാപക പുനർവിന്യാസവും വൈകിയാണ് പൂർത്തിയാകുന്നത്. ഇത്തവണ സമയബന്ധിതമായി പൂർത്തിയാക്കാനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.
