കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പിലാക്കാനാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിൻ്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക.
സംസ്ഥാന സർക്കാരിൻ്റെ ഇന്ദിരാ ഗാരണ്ടി പദ്ധതിയുടെ ഭാഗമായി ആദ്യ മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച്, ജൂൺ 15-ാം തീയതി മുതൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ബസിലെ ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര സ്കീം നടപ്പിലാക്കുന്നതിന് അംഗീകാരം നൽകാൻ തീരുമാനിച്ചു.’ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതിൻ്റെ പൂർണബാധ്യത സർക്കാർ വഹിക്കുമെന്നും അതിൽ ജീവനക്കാർക്ക് ആശങ്കവേണ്ടെന്നും ഗതാഗതമന്ത്രി സി.പി. ജോൺ നേരത്തേ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഏതൊക്കെ ബസുകളിലാണ് സൗജന്യമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.
എല്ലാ സ്ത്രീകൾക്കും സൗജന്യയാത്രയ്ക്ക് അർഹതയുണ്ടാകും. ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യം നൽകും. ഓരോ ദിവസത്തെയും സ്ത്രീയാത്രക്കാരുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സി. ശേഖരിക്കും. ഓരോമാസവും യാത്രാച്ചെലവ് വഴിയുണ്ടാകുന്ന ബാധ്യത കണക്കാക്കി കെ.എസ്.ആർ.ടി.സി. സർക്കാരിനെ അറിയിക്കും. സ്ഥാപനത്തിനുണ്ടാകുന്ന ബാധ്യത സർക്കാർ നൽകും.
ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചാൽ വർഷം 750-800 കോടി രൂപ ബാധ്യതവരുമെന്നാണ് കണക്കാക്കുന്നത്. മറ്റു ബസുകളിലേക്കും സൗജന്യയാത്ര വ്യാപിപ്പിച്ചാൽ 1300 കോടി രൂപ വേണ്ടിവരും. ഫാസ്റ്റ് മുതലുള്ള സൂപ്പർക്ലാസ് ബസുകളിൽ സൗജന്യം അനുവദിക്കുന്നത് നിലവിൽ പരിഗണിച്ചിട്ടില്ല.
