സെൻസസ് വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് രേഖപ്പെടുത്താം. സെൻസസിന് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥൻ വീട്ടിലേക്ക് എത്തുന്നതിന് മുൻപുതന്നെ വിവരങ്ങൾ മൊബൈലിലൂടെ രേഖപ്പെടുത്താം. ഓൺലൈൻ പോർട്ടൽ വഴി വേണം, വിവരങ്ങൾ സമർപ്പിക്കാൻ. സെൽഫ് എന്യുമറേഷൻ 16-ന് ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടക്കുക. ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസും രണ്ടാം ഘട്ടത്തിൽ ജനസംഖ്യാക്കണക്കെടുപ്പും നടക്കും.
ജൂലായ് ഒന്നുമുതൽ 30 വരെയാണ് ഒന്നാംഘട്ട സെൻസസ്. ഈ ഘട്ടത്തിൽ എന്യൂമറേറ്റർമാർ കെട്ടിടങ്ങളും പ്രധാനസ്ഥലങ്ങളും ഉൾപ്പെടുത്തി മാപ്പ് തയ്യാറാക്കുകയും മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. വരിനമ്പർ ഉൾപ്പെടെ ആകെ 34 ചോദ്യങ്ങളാണ് ഒന്നാം ഘട്ട സെൻസസിലുണ്ടാവുക.
സെൽഫ് എന്യൂമറേഷൻ ചെയ്യേണ്ട വിധം
സെൽഫ് എന്യൂമറേഷൻ ചെയ്യുന്നതിനായി പൊതുജനങ്ങൾ https://se.census.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കണം. അടുത്ത സ്ക്രീനിൽ കുടുംബനാഥൻ്റെ പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയ ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. നൽകി സ്ഥിരീകരിക്കണം.
തുടർന്ന് ജില്ലയുടെ പേരും വീടുള്ള സ്ഥലവും നൽകിയ ശേഷം മാപ്പിൽ സ്വന്തം വീട് കണ്ടെത്തി ‘റെഡ് മാർക്കർ’ അതിന് മുകളിൽ സ്ഥാപിച്ച് ലൊക്കേഷൻ സേവ് ചെയ്യണം. ലൊക്കേഷൻ സ്ഥിരീകരിച്ചശേഷം സ്ക്രീനിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യാം.
തുടർന്ന് ലഭിക്കുന്ന 11 അക്കങ്ങളുള്ള ഒരു എസ്.ഇ. ഐ.ഡി. മൊബൈൽ സന്ദേശമായും ഇ-മെയിലിലും ലഭ്യമാകും. എന്യൂമറേറ്റർ വീട് സന്ദർശിക്കുന്ന സമയത്ത് ഈ ഐ.ഡി. കൈമാറണം.
ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചോദ്യങ്ങൾ
കെട്ടിടനമ്പർ, വീടിൻ്റെ അവസ്ഥ-ഉപയോഗം-ഉടമസ്ഥത സംബന്ധിച്ചവ, കുടുംബാംഗങ്ങളെ സംബന്ധിച്ചവ, കുടിവെള്ളം, കക്കൂസ്, കുളിക്കുവാനുള്ള സൗകര്യങ്ങൾ, അടുക്കളയുടെയും എൽ.പി.ജി/പി.എൻ.ജി കണക്ഷന്റെയും ലഭ്യത, റേഡിയോ/ടെലിവിഷൻ/ഇന്റർനെറ്റ്/കംപ്യൂട്ടർ/മൊബൈൽ ഫോൺ എന്നിവ സംബന്ധിച്ചും വാഹനങ്ങൾ, ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം തുടങ്ങിയവ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്.
സെൻസസിൽ ചോദ്യങ്ങൾ 33, വിശദമായി പരിശോധിക്കാം
ജൂലായ് ഒന്നുമുതൽ സെൻസസ് ജോലികൾക്കായി എന്യൂമറേറ്റർമാർ വീടുകളിലെത്തുമ്പോൾ ഉത്തരം നൽകേണ്ടിവരുന്നത് 33 ചോദ്യങ്ങൾക്ക്. ചോദ്യങ്ങളിൽ ഭൂരിഭാഗവും വീട്ടിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. വ്യക്തിഗത വിവരങ്ങൾ തേടുന്ന ചുരുക്കം ചോദ്യങ്ങളേയുള്ളൂ.
കെട്ടിട നമ്പർ, സെൻസസ് ഹൗസ് നമ്പർ, വീടിന്റെ തറ, ചുമരുകൾ, മേൽക്കൂര എന്നിവ നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തു, നിലവിലെ വീടിൻ്റെ ഉപയോഗം, വീട് നല്ലതാണോ ജീർണിച്ചതാണാ അറ്റകുറ്റപ്പണി ആവശ്യമുള്ളതാണോ, താമസിക്കുന്ന ആളുകളുടെയും മുറികളുടെയും എണ്ണം, കുടിവെള്ള സ്രോതസ്സ്, അത് വീട്ടിനടുത്താണോ അകലെയാണോ, വൈദ്യുതിയും മലിനജല സംസ്കരണ മാർഗവുമുണ്ടോ, ശൗചാലയത്തിന് മേൽക്കൂരയുണ്ടോ, വീട്ടിൽ പ്രധാനമായും ഉപയോഗിക്കുന്ന ഭക്ഷ്യധാന്യം, പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം, പാചകവാതക ലഭ്യത എന്നിവയാണ് വീട് സംബന്ധിച്ചുള്ള പ്രധാന ചോദ്യങ്ങൾ.
സ്ത്രീ-പുരുഷൻ-ട്രാൻസ്ജെൻഡർ, ജാതി എന്നിങ്ങനെ കുടുംബാംഗങ്ങളെ സംബന്ധിച്ച ചോദ്യങ്ങളുമുണ്ട്. റേഡിയോ-മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ടെലിവിഷൻ, ഇന്റർനെറ്റ്, വീട്ടിലുള്ള വാഹനങ്ങൾ എന്നിവയെപ്പറ്റിയും എന്യൂമറേറ്റർമാർ വിവരം തേടും.
ഈ മാസം 16 മുതൽ 30 വരെ വിവരങ്ങൾ സ്വയം ഓൺലൈനായി രേഖപ്പെടുത്താൻ കഴിയും. ജൂലായ് ഒന്നുമുതൽ 31 വരെയാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തുക.
