ജനവാസ മേഖലകളിലിറങ്ങുന്ന അപകടകാരികളായ കാട്ടാനകളെ തുരത്തുന്നതിലും പിടികൂടുന്നതിലും നിർണ്ണായക പങ്കുവഹിക്കുന്നവരാണ് കുങ്കിയാനകൾ.
‘കുങ്കി’ എന്ന വാക്കിൻ്റെ ഉത്ഭവം പേർഷ്യൻ ഭാഷയിൽ നിന്നാണ്. ‘സഹായം’ എന്നർത്ഥമുള്ള ‘കുമാക്’ എന്ന പേർഷ്യൻ പദത്തിൽ നിന്നാണ് ഈ പേരുണ്ടായത്. ബംഗാൾ മുതൽ തമിഴ്നാട് വരെയുള്ള ആനപാപ്പാന്മാർക്കിടയിൽ ഈ വാക്ക് പ്രചാരത്തിലുണ്ട്. പണ്ടുകാലങ്ങളിൽ കാട്ടാനകളെ വാരിക്കുഴിയിൽ വീഴ്ത്തിയും മറ്റും പിടികൂടാനും, തടിപിടിക്കാനും സഹായിച്ചിരുന്ന ആനകളെയാണ് ഇത്തരത്തിൽ വിളിച്ചിരുന്നത്
എന്നാൽ ഇന്ന് മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായതോടെ, കാടിറങ്ങുന്ന ഒറ്റയാന്മാരെ തിരികെ കാട്ടിലേക്ക് തുരത്താനും മയക്കുവെടി വച്ച് പിടികൂടാനുമൊക്കയാണ് കുങ്കിയാനകളെ ഇപ്പോൾ ഉപയോഗിക്കുന്നത്. കേരളത്തിനു പുറമെ, തമിഴ്നാട്, കർണാടക, അസാം തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവയുടെ സേവനം ഉപയോഗപ്പടുത്താറുണ്ട്.
കുങ്കിയാനകളുടെ പ്രധാന ദൗത്യങ്ങൾ
കാട്ടാനകളെ തുരത്തൽ: കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ഇറങ്ങുന്ന കാട്ടാനകളെ ഭയപ്പെടുത്തി ഉൾക്കാട്ടിലേക്ക് തിരികെ അയക്കുക. പലപ്പോഴും നേരിട്ടുള്ള ശാരീരിക ഏറ്റുമുട്ടലുകൾ ഇല്ലാതെ തന്നെ, കുങ്കിയാനകളുടെ സാന്നിധ്യവും ഗന്ധവും തിരിച്ചറിഞ്ഞ് കാട്ടാനകൾ പിന്മാറാറുണ്ട്.
പിടികൂടലും അനുനയിപ്പിക്കലും: മയക്കുവെടി വച്ച കാട്ടാനകളെ ശാന്തരാക്കാനും, ലോറിയിൽ കയറ്റാനും, കൂട്ടിലടയ്ക്കാനും കുങ്കിയാനകളുടെ കരുത്തും അനുസരണശീലവുമുള്ള കുങ്കികളുടെ സഹായം അനിവാര്യമാണ്.
രക്ഷാപ്രവർത്തനം: കാട്ടിൽ കൂട്ടംതെറ്റി ഒറ്റപ്പെടുന്ന ആനക്കുട്ടികളെ സംരക്ഷിക്കാനും, ചതുപ്പിലോ കിണറുകളിലോ കുഴികളിലോ വീഴുന്ന കാട്ടാനകളെ കരകയറ്റാനും കുങ്കികൾ ഉപയോഗിക്കാറുണ്ട്.
വനപാലനം: ഉൾക്കാടുകളിലെ വേട്ടയാടൽ തടയുന്നതിനും വനപാലകർക്കൊപ്പം പട്രോളിംഗ് നടത്തുന്നതിനും ചിലയിടങ്ങളിൽ ഇവയെ ഉപയോഗിക്കുന്നു.
ജനവാസ മേഖലകളിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുന്ന കാട്ടാനകളെ പിടികൂടിയാണ് സാധാരണയായി കുങ്കിയാനകളായി പരിശീലിപ്പിച്ചെടുക്കുന്നത്. ഏകദേശം മൂന്ന് വർഷം നീണ്ടുനിൽക്കുന്ന കഠിനവും ശാസ്ത്രീയവുമായ പരിശീലനമാണ് ഇതിനായി നൽകുന്നത്. ചില കുങ്കിയാനകൾക്ക് ഒട്ടും ശബ്ദമുണ്ടാക്കാതെ കാട്ടിലൂടെ നീങ്ങാനുള്ള പ്രത്യേക പരിശീലനവും ലഭിക്കാറുണ്ട് പരിശീലനം പൂർത്തിയാക്കുന്നതോടെ ഈ ആനകൾ വനംവകുപ്പിൻ്റെ ഔദ്യോഗിക ‘കുങ്കി സർവീസിൽ പ്രവേശിക്കുന്നു.
60 വയസ്സുവരെ ഇവർ സർക്കാർ ഉദ്യോഗസ്ഥരെപ്പോലെ സേവനമനുഷ്ഠിക്കും വിരമിച്ച ശേഷം കേരളത്തിലെ ഏതെങ്കിലും ആന സങ്കേതങ്ങളിൽ വിശ്രമജീവിതം നയിക്കാം ആനയുടെ ശക്തിയും ക്ഷമതയും അനുസരിച്ച് വിരമിക്കൽ പ്രായം കൂടുകയോ കുറയുകയോ ചെയ്യാം.
വയനാട്ടിലെ മുത്തങ്ങ ആനക്യാമ്പാണ് കേരളത്തിലെ ഏക കുങ്കിയാന പരിശീലന കേന്ദ്രം. 1990-കളിൽ പ്രവർത്തനം നിലച്ച ഈ ക്യാമ്പ്, സംസ്ഥാനത്ത് കാട്ടാനശല്യം രൂക്ഷമായതോടെ 2019-ലാണ് പുനരാരംഭിച്ചത്. നേരത്തെ കേരളത്തിലെ ആനകളെ തമിഴ്നാട്ടിലെ മുതുമല (തെപ്പക്കാട്) ക്യാമ്പിലേക്ക് അയച്ചാണ് പരിശീലിപ്പിച്ചിരുന്നത്. കോന്നി സുരേന്ദ്രൻ, കോടനാട് നീലകണ്ഠൻ, സുര്യ എന്നീ ആനകളെ ലക്ഷങ്ങൾ ചെലവഴിച്ചാണ് മുതുമലയിൽ പരിശീലിപ്പിച്ചത്.
പിന്നീട് ഇവരുടെയും വിദഗ്ധരായ പാപ്പാന്മാരുടെയും സഹായത്തോടെ മുത്തങ്ങയിൽ തന്നെ കുങ്കി പരിശീലനം ആരംഭിച്ചു. ഇടുക്കിയിലെ ‘അരിക്കൊമ്പൻ’ ദൗത്യത്തിലടക്കം നിർണ്ണായക പങ്കുവഹിച്ച വിക്രം, ഭരത്, സൂര്യ, കോന്നി സുരേന്ദ്രൻ എന്നിവർ മുത്തങ്ങ ക്യാമ്പിൽ പരിശീലനം ലഭിച്ചവരാണ്. മുത്തങ്ങയ്ക്ക് പുറമെ കോന്നി, കോടനാട് (അഭയാരണ്യം), കോട്ടൂർ എന്നിവിടങ്ങളിലും വനംവകുപ്പിൻ്റെ ആന പരിപാലന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് (1972) ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെടുന്ന ഏഷ്യൻ ആനകൾ (Elephas maximus) വനത്തിന്റെ ആവാസവ്യവസ്ഥ നിലനിർത്തുന്ന ‘കീസ്റ്റോൺ സ്പീഷീസ്’ (Keystone species) ആണ്. വിത്തുവിതരണത്തിലൂടെ കാടിനെ വളർത്തുന്ന ഈ വന്യജീവികൾ ഇന്ന് കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്.
ആവാസവ്യവസ്ഥയുടെ നാശം, ആനത്താരകളുടെ (Elephant corridors) കൈയേറ്റം, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ജല-ഭക്ഷ്യ ക്ഷാമം എന്നിവയാണ് കാട്ടാനകളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുന്നത് കാട്ടാനകളെ പ്രതിരോധിക്കാൻ സോളാർ വേലികൾ, ആനക്കിടങ്ങുകൾ, തേനീച്ചക്കൂടുകൾ ഉപയോഗിച്ചുള്ള ‘പ്രോജക്ട് റീ-ഹാബ്’ (Project RE-HAB) തുടങ്ങിയവ വനംവകുപ്പ് നടപ്പാക്കുന്നുണ്ട്.
