ഇൻസ്റ്റഗ്രാം സ്റ്റോറികൾ പോസ്റ്റ് ചെയ്തശേഷവും തിരുത്താം; 15 മിനിറ്റ് സമയം

ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ അതിൽ എന്തെങ്കിലും തെറ്റ് ശ്രദ്ധയിൽപ്പെട്ടാൽ ഇതുവരെ അത് ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യണമായിരുന്നു. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. സ്റ്റോറി പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിൽ അതിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന പുതിയ സൗകര്യം ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു.

എഴുത്തിലെ തെറ്റുകൾ തിരുത്താനും സ്റ്റിക്കറുകളും ചിത്രങ്ങളും മറ്റും മാറ്റാനുമെല്ലാം ഈ സമയത്തിനുള്ളിൽ സാധിക്കും. പ്രത്യേകിച്ച്, ഇൻസ്റ്റഗ്രാം വഴി ബിസിനസ് പ്രമോഷനുകളും മറ്റും നടത്തുന്നവർക്കും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടും.

ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് തിരഞ്ഞെടുത്ത് സ്റ്റോറിയായി പങ്കുവെക്കാനുള്ള സൗകര്യവും ഇൻസ്റ്റഗ്രാം മെച്ചപ്പെടുത്തിയിട്ടുണ്ട്. പുതിയ സ്റ്റിക്കറുകൾ ഉൾപ്പെടുത്തിയതിനൊപ്പം സ്റ്റിക്കറുകൾ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്റ്റോറിയിൽ ചിത്രങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന പശ്ചാത്തലങ്ങൾക്ക് കൂടുതൽ നിറവ്യത്യാസങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

ഇതിനുപുറമേ, ഐഫോൺ ഉപയോക്താക്കൾക്ക് സേവ് ചെയ്തുവെച്ച പോസ്റ്റുകൾക്കിടയിൽ തിരയാനുള്ള സൗകര്യവും ലഭിച്ചു. നേരത്തെ സേവ് ചെയ്ത ഒരു പോസ്റ്റ് കണ്ടെത്താൻ ഇനി മുഴുവൻ ശേഖരവും പരിശോധിക്കേണ്ടതില്ല. തിരയൽ സൗകര്യം ഉപയോഗിച്ച് ആവശ്യമായ പോസ്റ്റ് എളുപ്പത്തിൽ കണ്ടെത്താം.