സംസ്ഥാനത്ത് നാളെ നടത്താനിരുന്ന ഓട്ടോ-ടാക്സി പണിമുടക്ക് പിൻവലിച്ചു. നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം ഗതാഗത മന്ത്രി തത്വത്തിൽ അംഗീകരിച്ചു. വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കും. ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്ന് മന്ത്രി സി പി ജോൺ ഉറപ്പു നൽകിയതായും തൊഴിലാളി സംഘടന പ്രതിനിധികൾ. കമ്മീഷൻ അന്വേഷണം നടത്തുമ്പോൾ ഓരോ യൂണിയനുകൾക്കും അവരവരുടെ നിരക്കുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കാം. ഓട്ടോ ഡ്രൈവർമാർക്ക് ഇ എസ് ഐ നൽകണമെന്ന ആവശ്യം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിലാളി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും ചർച്ചയുടെ അടിസ്ഥാനത്തിലാണ് പണിമുടക്ക് പിൻവലിച്ചതെന്നും മന്ത്രി സി പി ജോൺ പറഞ്ഞു. ഓട്ടോ ടാക്സി നിരക്കുകൾ 2022 ലാണ് പരിഷ്കരിച്ചത്. നിരക്ക് പരിഷ്കരിക്കണമെന്ന് ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. അതിനായി കമ്മീഷനെ നിയോഗിക്കും. പുതിയ നിരക്ക് പ്രാബല്യത്തിൽ വരാനുള്ള നടപടികൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ഇ എസ് ഐ നൽകണമെന്ന് കാര്യത്തിൽ അനുഭാവപൂർവ്വം നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഡ്രൈവർമാർക്ക് വിശ്രമമുറി സൗകര്യം ഒരുക്കുന്നതിൽ ടൂറിസം ഡിപ്പാർട്ട്മെൻ്റുമായും ഹോട്ടൽ ഉടമകളുമായും സംസാരിച്ചു. സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിക്കും. ടൂവീലർ ടാക്സികൾ അനുവദനീയമാണ്. പക്ഷേ മഞ്ഞ ബോർഡുകൾ അല്ലാതെ വെള്ള ബോർഡുകൾ വെച്ച് ടാക്സികൾ ഉപയോഗിക്കുന്നുണ്ടെന്നും അത് കർശനമായി നിയന്ത്രിക്കാൻ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
