ഡിജിറ്റൽ ലോകത്തിൻ്റെ അമിതോപയോഗം കൗമാരക്കാരിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ആശങ്കയാകുന്നു. സംസ്ഥാനത്ത് 2023 ജനുവരി മുതൽ 2026 സെപ്റ്റംബർ വരെ ഡിജിറ്റൽ ആസക്തിയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തത് 3,258 കേസുകൾ. കേരള പോലീസിൻ്റെ സോഷ്യൽ പോലീസിങ് വിഭാഗത്തിന്റെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റ്ററുകളിലാണ് (ഡി-ഡാഡ്) കേസുകൾ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കൊല്ലം സിറ്റിയിലാണ്: 757 കേസുകൾ.
കോഴിക്കോട് (529), കൊച്ചി (421), തൃശ്ശൂർ (417), തിരുവനന്തപുരം (400) എന്നിവയാണ് തൊട്ടുപിന്നിൽ ഡി-ഡാഡ് കേന്ദ്രങ്ങളിലെത്തുന്നവരിൽ ഭൂരിഭാഗവും 14-18 വയസ്സുകാരാണ് മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമിങ് എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുകയും ഇതുമൂലം കുട്ടികളിലുണ്ടാകുന്ന മാനസികവും പെരുമാറ്റപരവുമായ പ്രശ്നങ്ങൾ പരിഹരിക്കുകയുമാണ് ഡി ഡാഡ് സെൻ്ററുകളുടെ ലക്ഷ്യം 2023-ലാണ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്.
പഠനത്തിൽ ശ്രദ്ധക്കുറവ്, ഉറക്കപ്രശ്നങ്ങൾ പെട്ടെന്നുള്ള ദേഷ്യം അക്രമാസക്തമായ പെരുമാറ്റം, സാമൂഹികമായ ഒറ്റപ്പെടൽ തുടങ്ങിയവയാണ് അമിതമായ ഡിജിറ്റൽ ഉപയോഗവുമായി ബന്ധപ്പെട്ട് കുട്ടികളിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങൾ. സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാനാകാത്ത സാഹചര്യം കുട്ടികളുടെ പഠനത്തെയും കുടുംബബന്ധങ്ങളെയും സാമൂഹിക ഇടപെടലുകളെയും പ്രതികൂലമായി ബാധിക്കാം.
1725 കുട്ടികളുടെ ചികിത്സ പൂർത്തിയായി. 1025 പേർ ചികിത്സയിലുണ്ട്. ചികിത്സ പാതിവഴിയിൽ മുടക്കിയ 67 കുട്ടികളുണ്ട്. അവർക്ക് വീണ്ടും കൗൺസലിങ് നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനുള്ള ശ്രമം നടന്നുവരുകയാണെന്ന് സോഷ്യൽ പോലീസിങ് ഡയറക്ടർ എസ്. അജിതാ ബീഗം പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലായി 14 ഡി ഡാഡ് സെൻ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
ഇവയുടെ സേവനം അടുത്ത വർഷത്തോടെ ആറ് റൂറൽ പോലീസ് ജില്ലകളിലേക്കും (തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ) വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ മാധ്യമങ്ങളുടെ ഉത്തരവാദിത്വപൂർണമായ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി 1,205 ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതിലൂടെ 1.27 ലക്ഷത്തിലധികം പേരിലേക്ക് ഡിജിറ്റൽ ആരോഗ്യസന്ദേശങ്ങൾ എത്തിക്കാൻ കഴിഞ്ഞു.
കൊല്ലത്ത് 158 ക്ലാസുകളിലായി 19,280 പേർ പങ്കെടുത്തു. രക്ഷിതാക്കൾക്കും റെസിഡന്റ്സ് അസോസിയേഷനുകൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയും ബോധവത്കരണം വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണെന്ന് അജിതാ ബീഗം പറഞ്ഞു. മാനസികാരോഗ്യ വിദഗ്ധരും പോലീസുദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമാണ് കേന്ദ്രങ്ങളിൽ സേവനം നൽകുന്നത്.
കുട്ടികളിലെ അമിതമായ ഡിജിറ്റൽ ഉപയോഗം തിരിച്ചറിയുന്നതിനും ആവശ്യമായ കൗൺസിലിങ് ലഭ്യമാക്കുന്നതിനും രക്ഷിതാക്കൾക്കും അധ്യാപകർക്കും കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താം. കൗൺസിലിങ്ങിനും വിവരങ്ങൾക്കുമായി 21 മണിക്കൂറും പ്രവർത്തിക്കുന്ന ചിരി (CHIRI) സംസ്ഥാനതല ഹെൽപ്ലൈൻ നമ്പറായ 9497 900 200-ൽ ബന്ധപ്പെടാം
ലക്ഷണങ്ങൾ
ഡിജിറ്റൽ ഉപയോഗം നിയന്ത്രിക്കാനാവാതെ വരുക. ഫോൺ മാറ്റിവെക്കുമ്പോൾ കടുത്ത ദേഷ്യവും വാശിയും ഉത്കണ്ഠയും. പഠനത്തിലും ഉറക്കത്തിലും ശ്രദ്ധ കുറയുക. മറ്റ് വിനോദങ്ങളിൽ നിന്നുള്ള പിന്മാറ്റം.
രക്ഷിതാക്കൾ ചെയ്യേണ്ടത്
* മൊബൈൽ പിടിച്ചുവാങ്ങുകയോ വഴക്കുപറയുകയോ ചെയ്യാതെ, സമയപരിധി നിശ്ചയിച്ച് സ്ക്രീൻസമയം ഘട്ടംഘട്ടമായി കുറയ്ക്കുക.
* പഠനസമയത്തും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപും ഭക്ഷണസമയത്തും ഡിജിറ്റൽ ഉപകരണങ്ങൾ പൂർണമായും ഒഴിവാക്കുക
* സ്പോർട്സ്, ഔട്ട്ഡോർ കളികൾ, മറ്റ് ഹോബികൾ എന്നിവയിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കുക.
