ചില ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്‌ജിൽ വച്ച് ചൂടാക്കി കഴിച്ചാലും ആരോഗ്യത്തിന് അത്ര നല്ലതല്ല. അതിലൊന്നാണ് ചോറ്. മണിക്കൂറുകളോളം അന്തരീക്ഷ താപനിലയിലിരിക്കുന്ന ചോറ് വീണ്ടും ചൂടാക്കുന്നതും ദിവസങ്ങളോളം ഫ്രിഡ്‌ജിൽ വെച്ച ചോറ് പിന്നീട് ചൂടാക്കി കഴിക്കുന്നതുമൊക്കെ റീഹീറ്റഡ് റൈസ് സിൻഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതിലൂടെ ബാസിലസ് സിറസ് ( (B. cereus)) എന്ന ബാക്‌ടീരിയ ഉണ്ടാവാനും അതുവഴി ഭക്ഷ്യവിഷബാധയ്ക്കും കാരണമാകും. നേരത്തേ ചൂടാക്കിയ ചോറ് അന്തരീക്ഷ താപനിലയിൽ രണ്ടുമണിക്കൂറിലേറെ വെക്കുകയും പിന്നീട് ചൂടാക്കുകയും ചെയ്യുമ്പോഴാണ് റീഹീറ്റഡ് റൈസ് സിൻഡ്രോം ഉണ്ടാകുന്നത്. നാല് ഡിഗ്രി സെൽഷ്യസിന്(39.2°F) താഴെ ബി.സിറസ് ബാക്ടീരിയക്ക് പെരുകാനാവും. ചൂടാക്കുക വഴി ഈ ബാക്ടീരിയയെ നശിപ്പിക്കാനുമാവില്ല.
വീണ്ടും ചൂടാക്കിയ ചോറുകഴിച്ച് ആറുമുതൽ പതിനഞ്ച് മണിക്കൂറിനുള്ളിലാണ് ലക്ഷണങ്ങൾ പ്രകടമാവുക. വയറിളക്കം, വയറുവേദന, ഛർദി, ഓക്കാനം തുടങ്ങിയവയാണ് പൊതുവേ കണ്ടുവരാറുള്ളത്.
ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ തനിയെ ഭേദമാവുമെങ്കിലും ചൂടുകാലത്ത് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടത് പ്രധാനമാണ്. കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ, ഗർഭിണികൾ തുടങ്ങിയവർ വിദഗ്‌ധ ചികിത്സ തേടുകയും വേണം. ധാരാളം വെള്ളം കുടിക്കാനും ശരീരത്തിൽ ജലാംശം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കണം.
പാകംചെയ്തത ചോറ് അധികം വൈകാതെ കഴിക്കുകയോ, കൃത്യമായി ഫ്രിഡ്‌ജിൽ സൂക്ഷിക്കുകയോ ചെയ്യേണ്ടത് റീഹീറ്റഡ് റൈസ് സിൻഡ്രോം തടയാൻ പ്രധാനമാണ്. പൊതുവേ ചോറ് തയ്യാറാക്കി ഒരുമണിക്കൂറിനുള്ളിൽ ഫ്രിഡ്‌ജിൽ വെച്ചാൽ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കഴിക്കുന്നത് പ്രശ്‌നമില്ലെന്നാണ് അമേരിക്കയിലെ ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി നിർദേശിക്കുന്നത്.
