മനുഷ്യരെപ്പോലെ ട്രെയിനും ജോലിയില്‍നിന്ന് വിരമിക്കുമോ?

നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ട്രെയിനുകള്‍ ഒരിക്കല്‍ തുരുമ്പിച്ച് ഓടാനാകാത്തവിധം പഴകിയാല്‍ പിന്നെ അവയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന്. മനുഷ്യനെപ്പോലെ ട്രെയിനുകളും ജോലിയില്‍നിന്ന് വിരമിക്കുമോ?.

മനുഷ്യനെപ്പോലെ, ട്രെയിനുകള്‍ക്കും ഒരു നിശ്ചിത പ്രവര്‍ത്തന ആയുസ്സ് ഉണ്ട്. ഓരോ കോച്ചും എഞ്ചിനും വാഗണും നിശ്ചിത വര്‍ഷങ്ങള്‍ മാത്രം നിലനില്‍ക്കുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉദാഹരണത്തിന് പാസഞ്ചര്‍ കോച്ചുകള്‍ 25-30 വര്‍ഷം വരെ നീണ്ടുനില്‍ക്കും. ആധുനിക എല്‍എച്ച്ബി കോച്ചുകള്‍ 35 വര്‍ഷം വരെ ഉപയോഗിക്കാം.

എന്നാല്‍ ട്രെയിനിന്റെ വിരമിക്കല്‍ എന്നത് പ്രായവുമായി ബന്ധപ്പെട്ടതല്ല. ഒരു ട്രെയിന്‍ സുരക്ഷിതമല്ലാതാകുകയോ, അറ്റകുറ്റപ്പണികളുടെ ചെലവ് വര്‍ദ്ധിക്കുകയോ, സാങ്കേതികമായി കാലഹരണപ്പെടുകയോ ചെയ്താല്‍ അത് പിന്‍വലിക്കാന്‍ കഴിയും. അതുകൊണ്ട് ആ ട്രെയിന്‍ ഉപയോഗശൂന്യമാണെന്നല്ല. ഉടനടി സ്‌ക്രാപ്പ് ചെയ്യുന്നതിന് പകരം, പല ട്രെയിനുകളെയും മറ്റ് പല രീതിയിലും പുതുക്കിയെടുന്നു. പഴയ പാസഞ്ചര്‍ കോച്ചുകളെ ചരക്ക് വാഹകരാക്കി മാറ്റുന്നു. അവയെ NMG (പുതിയ പരിഷ്‌ക്കരിച്ച ഗുഡ്സ്) കോച്ചുകള്‍ എന്ന് വിളിക്കുന്നു. ഈ ഘട്ടത്തില്‍ സീറ്റുകള്‍, ഫാനുകള്‍, ലൈറ്റുകള്‍ എന്നിവ നീക്കം ചെയ്യുകയും ജനാലകള്‍ അടയ്ക്കുകയും ചെയ്യുന്നു.

ആളുകള്‍ക്ക് പകരം സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുന്ന ശക്തമായ, സീല്‍ ചെയ്ത കോച്ചാക്കി മാറ്റുന്നതിനായി കോച്ചിന്റെ ബോഡി ലോഹം ഉപയോഗിച്ച് ബലപ്പെടുത്തുന്നു. കാറുകള്‍, ട്രാക്ടറുകള്‍, മിനി ട്രക്കുകള്‍ എന്നിവ കൊണ്ടുപോകാന്‍ ഈ കോച്ചുകള്‍ ഉപയോഗിക്കുന്നു. അവ അടുത്ത 5 മുതല്‍ 10 വര്‍ഷം വരെ വീണ്ടും ഉപയോഗിക്കും. ഇന്ത്യന്‍ റെയില്‍വെ ആധുനികവത്കരണത്തിന്റെ ഭാഗമായി പഴയ ഡീസല്‍ എഞ്ചിനുകളും കോച്ചുകളിലും പല മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. 2020നും 2024 നും ഇടയില്‍ ഏകദേശം 1,000 എഞ്ചിനുകളും 37,000 കോച്ചുകളുമാണ് റെയില്‍വേ ഒഴിവാക്കിയത്.