പുകവലിയുടെ അപകടവശങ്ങളേക്കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. എന്നാൽ പുകവലിക്കുന്നതു മാത്രമല്ല പുകവലിക്കുന്നയാളുടെ അരികിൽ നിന്ന് ആ പുക ശ്വസിക്കുന്നതുപോലും അപകടമാണ്. അത്തരത്തിൽ പാസീവ് സ്മോക്കിങ്ങിന്റെ അപകടത്തേക്കുറിച്ച് പങ്കുവെക്കുകയാണ് പുതിയൊരു പഠനം. ലാൻസെറ്റ് പബ്ലിക് ഹെൽത്തിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗ്ലോബൽ ബേർഡൻ ഓഫ് ഡിസീസ് സ്റ്റഡി 2023-ൽ നിന്നുള്ള വിവരങ്ങളാണ് ആശങ്കപ്പെടുത്തുന്നത്.
2023-ൽ ഇന്ത്യയിൽ 44.4 കോടി ആളുകൾ പരോക്ഷ പുകവലിക്ക് അഥവാ പാസീവ് സ്മോക്കിങ്ങിന് ഇരയായിട്ടുണ്ടെന്നാണ് പഠനം പറയുന്നത്. ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പരോക്ഷ പുകവലിക്ക് ഇരയാകുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
1990-ൽ 2,17,700 പേരുടെ മരണത്തിനിടയാക്കിയ പരോക്ഷ പുകവലി 2023 ആയപ്പോൾ 3,25,600 മരണങ്ങളിലേക്ക് നയിച്ചു. ഏകദേശം 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളതെന്ന് പഠനം പറയുന്നു.
ആഗോളതലത്തിൽ പതിനാല് വയസ്സുവരെ പ്രായമുള്ള 76.7 കോടി കുട്ടികൾ ഉൾപ്പെടെ 271 കോടി ജനങ്ങൾ 2023-ൽ പരോക്ഷ പുകവലിക്ക് ഇരയായിട്ടുണ്ട്. ഇന്ത്യയിൽ പരോക്ഷ പുകവലിക്ക് ഇരയാകുന്ന ആളുകളുടെ അനുപാതം 1990-ലെ 43.2 ശതമാനത്തിൽ നിന്ന് 2023 എത്തിയപ്പോൾ 30.6 ശതമാനമായി കുറഞ്ഞു. എങ്കിലും ജനസംഖ്യ ഗണ്യമായി വർധിച്ചതിനാൽ പാസീവ് സ്മോക്കിങ്ങിന് ഇരയാകുന്നവരുടെ എണ്ണം ഇതേ കാലയളവിൽ 37.5 കോടിയിൽ നിന്ന് 44.4 കോടിയായി ഉയർന്നു.
ഇതുമൂലമുള്ള മരണങ്ങൾ 2,17,700 ൽ നിന്ന് 3,25,600 ആയി വർധിച്ചു. സ്ത്രീകളിൽ 1,13,400 ൽ നിന്ന് 1,56,900 ആയി ഉയർന്നപ്പോൾ പുരുഷന്മാരിലെ മരണം 1,04,300 ൽ നിന്ന് 1,68,700 ആയി വർധിച്ചു. പരോക്ഷ പുകവലി ഹൃദ്രോഗം, അർബുദം, ശ്വാസകോശ രോഗങ്ങൾ തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാറുണ്ട്. പുകയിലയുടെ പ്രത്യാഘാതങ്ങൾ പുകവലിക്കുന്നവരിൽ മാത്രം ഒതുങ്ങുന്നില്ലെന്നു വ്യക്തമാക്കുകയാണ് പഠനം.
സിഗരറ്റ് വലിക്കുന്നവർ പുറത്തുവിടുന്ന പുക ശ്വസിക്കുന്നതിനെയാണ് നിഷ്ക്രിയ പുകവലി അഥവാ പരോക്ഷ പുകവലി എന്ന് പറയുന്നത്. നിങ്ങൾ പുക വലിക്കുന്നില്ലെങ്കിലും പരോക്ഷമായി ഈ പുക ആവർത്തിച്ച് ശ്വസിക്കുന്നത് ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു.
പരോക്ഷമായി പുക ശ്വസിക്കുന്ന പുകവലിക്കാത്തവർക്കിടയിൽ ഓരോ വർഷവും ആയിരക്കണക്കിന് മരണങ്ങൾക്ക് ശ്വാസകോശാർബുദം കാരണമാകുന്നു. വീടുകൾ, കാറുകൾ, ഓഫീസുകൾ തുടങ്ങി അടച്ചിട്ട സ്ഥലങ്ങളിൽ പുക അടിഞ്ഞുകൂടും എന്നതിനാൽ പുകവലിക്കുന്നവരോടൊപ്പം ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ആളുകൾക്ക് ഇത് അപകടകരമായ ഒരു സാഹചര്യം സൃഷ്‌ടിക്കുന്നു. പുകയുമായുള്ള സമ്പർക്കം കാരണം, സ്ഥിരമായി പുകവലിക്കുന്നവരുമായി ഇടപഴകുന്ന പങ്കാളികൾക്കും കുട്ടികൾക്കും ശ്വാസകോശാർബുദം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നുണ്ട്.
