20 ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടക്കാൻ യുദ്ധക്കപ്പലുകൾ അകമ്പടി; ‘ഓപ്പറേഷൻ ഊർജസുരക്ഷ’യുമായി നാവികസേന

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയെക്കൂടാതെ പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ് ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.

ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും പല രാജ്യങ്ങളിലും ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇറാൻ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്നത്. ഇറാനോടു ശത്രുത പുലർത്താത്ത രാജ്യങ്ങളിലെ കപ്പലുകൾക്കു കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു കടലിടുക്കിലൂടെ സഞ്ചരിക്കാമെന്ന് ഇറാൻ അറിയിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധിനേരിടുന്ന ഇന്ത്യൻ വാണിജ്യ കപ്പലുകളെ രാജ്യത്തെത്തിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. ഹോമർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഇന്ത്യൻ നാവിക സേനയുടെ അകമ്പടിയോടെ നാട്ടിലെത്തിക്കാൻ ‘ഓപ്പറേഷൻ ഊർജ സുരക്ഷ’യ്ക്ക് ഇന്ത്യ തുടക്കമിട്ടതായി പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ നാവിക സേനയുടെ അഞ്ചിലേറെ കപ്പലുകൾ ഹോർമൂസിനരികിലായി വിന്യസിച്ചതായാണ് റിപ്പോർട്ട്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ അടക്കമുള്ളവയുമായി നിലവിൽ 20 കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷൻ ഊർജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യംവെക്കുന്നത്. നേരത്തെ രണ്ട് ഇന്ധന ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നിരുന്നു. ഇവയ്ക്ക് നാവികസേന അകമ്പടി നൽകിയിരുന്നു. 92000 ടൺ എൽപിജിയാണ് ഈ കപ്പലുകളിൽ ഉള്ളതെന്നാണ് വിവരം.