നിയന്ത്രണം നഷ്ടമായ ബഹിരാകാശ പേടകങ്ങൾ ഇടിച്ചിറങ്ങുന്ന ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ. അങ്ങനെയൊന്നുണ്ട്! പോയിന്റ് നെമോ എന്ന നിഗൂഢമായ ‘ശ്മശാനദ്വീപ്’. ജീവന്റെ ഒരു കണികപോലും ഇവിടെയില്ല. ആകെയുള്ളത് മനുഷ്യനിർമ്മിത ഉപഗ്രഹങ്ങളുടെ ചിന്നിച്ചിതറിയ അവശിഷ്ടങ്ങൾ മാത്രം. പോയിന്റ് നെമോ എന്ന വാക്കിന്റെ അർത്ഥം ആരുമില്ലാത്തത് എന്നാണ്. മനുഷ്യനോ മൃഗങ്ങളോ ഇല്ലാത്ത ഇവിടേക്ക് നിയന്ത്രണം നഷ്ടമായ ഉപഗ്രഹങ്ങൾ ഇടിച്ചിറക്കാം.
ബിബിസിയുടെ റിപ്പോർട്ട് അനുസരിച്ച്, ദക്ഷിണ പസഫിക് സമുദ്രത്തിൽ ന്യൂസിലാൻഡിനും ചിലിക്കും ഇടയിലുള്ള ഒരു സ്ഥലമാണ് പോയിൻ്റ് നെമോ. ഇത് ഒരു ദ്വീപോ ഏതെങ്കിലും ഭൂപ്രദേശമോ അല്ല, മറിച്ച് സമുദ്രത്തിൻ്റെ ഒരു ഭാഗമാണ്. മനുഷ്യ ആവാസവ്യവസ്ഥയിൽ നിന്ന് ഏറ്റവും അകലെയായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് പോയിൻ്റ് നെമോ. കരയിൽ നിന്ന് ഏകദേശം 2688 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം ഉള്ളത്. റിപ്പോർട്ടുകൾ പ്രകാരം പോയിൻറ് നെമോയിൽ എത്തുക അത്ര എളുപ്പമല്ല. അതേസമയം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് 415 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം എന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന മറ്റൊരു കാര്യം.
പോയിന്റ് നെമോയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് ഉപഗ്രഹങ്ങളുടെ ശവപറമ്പാക്കാൻ കാരണം. കാലാവധി അവസാനിക്കുന്ന ബഹിരാകാശനിലയങ്ങളുടെ അന്ത്യവിശ്രമകേന്ദ്രവും പോയിന്റ് നെമോ തന്നെയായിരിക്കും. പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളും അതിന്റെ വേർപെട്ട ഭാഗങ്ങളും ബഹിരാകാശത്തെ മലിനമാക്കാതിരിക്കാനാണ് പസഫിക്ക് മഹാസമുദ്രത്തിൽ നാസ ഈ ഉപഗ്രഹശ്മശാനം ഒരുക്കിയത്.
