ചുട്ടുപൊള്ളി കോട്ടയം; ശ്രദ്ധ വേണം പകൽ സമയം

കോട്ടയത്ത്  ഇന്നലെ 37.6 ഡിഗ്രി സെൽഷ്യസ് ആണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ശരാശരിയിൽ നിന്ന് 2.9 ഡിഗ്രി സെൽഷ്യസ് അധികച്ചൂടാണിത്. കഴിഞ്ഞ ആഴ്ച പല ദിവസങ്ങളിലും 37 ഡിഗ്രി സെൽഷ്യസോ അതിലധികമോ ആയി ജില്ലയിലെ ചൂട് ഉയർന്നിരുന്നു. സാധാരണയായി അനുഭവപ്പെടേണ്ട ചൂടിനെക്കാൾ 3 ശതമാനം വരെ കൂടുതലാണ് ഇപ്പോൾ ജില്ലയിൽ അനുഭവപ്പെടുന്നത്.

സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ആരോഗ്യപ്രശ്‌നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും. പകൽ 11 മുതൽ 3 വരെ ശരീരത്തിൽ കൂടുതൽ സമയം നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നു സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട മുൻകരുതൽ നിർദേശത്തിൽ പറയുന്നു.

വളർത്തുമൃഗങ്ങൾ

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും കുടിക്കാൻ വെള്ളം കിട്ടുമെന്ന് ഉറപ്പാക്കണം.

രാഷ്ട്രീയക്കാരുടെ ശ്രദ്ധയ്ക്ക്

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്കാവശ്യമായ ശുദ്ധജലം, തണൽ എന്നിവ ലഭ്യമാക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശമുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.