അർധരാത്രി വലിയൊരു തുക നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായെന്ന് സന്ദേശം വന്നാൽ എന്ത് ചെയ്യണമെന്ന ആശങ്ക ഏവർക്കുമുണ്ടാകും. നിങ്ങൾ ആർക്കും പണം അയക്കാതെയാണ് ഈ സന്ദേശമെങ്കിൽ ബാങ്കിങ് ആപ്പ് തുറന്ന് ബാലൻസ് പരിശോധിക്കുക. പണം നഷ്ടമായെന്ന് ഉറപ്പായാൽ നടപടി എടുക്കാൻ ഒട്ടും വൈകരുത്. ഉടൻ തന്നെ പരാതിപ്പെടുക അർധ രാത്രിയായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല എന്ന കാരണത്താൽ നടപടി സ്വീകരിക്കാൻ രാവിലെ വരെ കാത്തിരിക്കരുത്.
ഉപഭോക്താക്കൾക്ക് ഏത് സമയത്തും തട്ടിപ്പ് റിപ്പോർട്ട് ചെയ്യാം. അതിനാൽ ആദ്യം ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് അനധികൃത ഇടപാട് റിപ്പോർട്ട് ചെയ്യുക. ബാങ്ക് വെബ്സൈറ്റ്, മൊബൈൽ ആപ്പ്, ഡെബിറ്റ് കാർഡിന്റെ പുറകുവശം എന്നിവിടങ്ങളിൽ കസ്റ്റമർ കെയർ നമ്പറുണ്ടാകും. പിന്നീട് പരാതി നമ്പർ വാങ്ങി സൂക്ഷിക്കുക. അക്കൗണ്ട് സുരക്ഷിതമാക്കുക വീണ്ടും പണം നഷ്ടമാവാതിരിക്കാൻ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ അല്ലെങ്കിൽ യു.പി.ഐ/ പേയ്മെന്റ് സൗകര്യങ്ങൾ താൽക്കാലികമായി നിർത്താൻ ബാങ്കിനോട് ആവശ്യപ്പെടാം. ഇത് ആപ്പ് വഴി തന്നെ ചെയ്യാൻ കഴിയും.
ബാങ്കിനെ അറിയിക്കുന്നതിന് ഒപ്പം തന്നെ ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈനായ 1930ലും നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലായ cybercrime.gov.in ലും പരാതി നൽകുക. വേഗത്തിൽ റിപ്പോർട്ട് ചെയ്താൽ പണം മറ്റൊരിടത്തേക്ക് പോകുന്നത് തടയാം. ഇടപാട് ഐഡി, തുക, തീയതി എന്നീ വിവരങ്ങൾ കയ്യിൽ കരുതുക. എന്തുകൊണ്ട് വേഗം റിപ്പോർട്ട് ചെയ്യണം? ആർ.ബി.ഐ നിയമപ്രകാരം ബാങ്കിന്റെ തെറ്റോ മൂന്നാം കക്ഷി തട്ടിപ്പോ ആണെങ്കിൽ, മൂന്ന് ദിവസത്തിനകം റിപ്പോർട്ട് ചെയ്താൽ നിങ്ങൾക്ക് നഷ്ടമുണ്ടാകില്ല. അതേസമയം, നിങ്ങൾ ഒ.ടി.പി/ പിൻ നമ്പറുകൾ പങ്കുവെച്ച അശ്രദ്ധ കാരണമാണ് പണം നഷ്ടമായതെങ്കിൽ റിപ്പോർട്ട് ചെയ്യുന്നതുവരെയുള്ള നഷ്ടം നിങ്ങൾ വഹിക്കണം, ശേഷമുള്ള നഷ്ടം ബാങ്ക് വഹിക്കും. അതിനാൽ ഇടപാട് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ റിപ്പോർട്ട് ചെയ്യുന്നതാണ് നല്ലത്.
ഹെൽപ്പ് ലൈൻ കിട്ടിയില്ലെങ്കിൽ എന്തുചെയ്യണം?
ബാങ്കിന്റെ മൊബൈൽ ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് സേവനം വഴി തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുക. ചില ബാങ്കുകൾക്ക് എസ്.എം.എസ് വഴി റിപ്പോർട്ട് ചെയ്യാൻ സൗകര്യമുണ്ട്. സാധ്യമെങ്കിൽ ബാധിക്കപ്പെട്ട കാർഡോ പേയ്മെന്റ് സൗകര്യമോ ആപ്പ് വഴി സ്വയം ബ്ലോക്ക് ചെയ്യുക. സമർപ്പിക്കുന്ന ഏതൊരു പരാതിയുടെയും സ്ക്രീൻഷോട്ടുകൾ, കോൾ റെക്കോർഡുകൾ എന്നിവ സൂക്ഷിക്കുക.
പിറ്റേന്ന് രാവിലെ എന്ത് ചെയ്യണം? നിങ്ങൾ നൽകിയ പരാതി ബാങ്ക് അംഗീകരിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കുക. കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടതുണ്ടോയെന്ന് പരിശോധിച്ച് ആവശ്യമെങ്കിൽ രേഖകൾ നൽകുക. പണം തിരിച്ചുതരാമെന്ന് പറഞ്ഞ് ഫീസ് ചോദിക്കുന്ന തട്ടിപ്പുകാരെ സൂക്ഷിക്കുക.
