ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന്റെ കുറഞ്ഞ പ്രായപരിധി 18-ൽനിന്ന് 20 വയസ്സായി ഉയർത്തി. ഒക്ടോബർ ഏഴ് മുതൽ മാറ്റം പ്രാബല്യത്തിൽ വന്നു. റെയിൽവേ ബോർഡ് ഇതുമായി ബന്ധപ്പെട്ട് ‘ഇന്ത്യൻ റെയിൽവേ എസ്റ്റാബ്ലിഷ്മെന്റ്റ് മാനുവലിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. നേരത്തെ 18 മുതൽ 30 വയസ്സ് വരെയായിരുന്നു തസ്തികയിലേക്കുള്ള പ്രായപരിധി.
ഒക്ടോബർ 7-ന് മുൻപ് വിജ്ഞാപനം ഇറങ്ങിയ റിക്രൂട്ട്മെന്റ് പ്രക്രിയകൾക്ക് പഴയ നിയമം തന്നെ ബാധകമായിരിക്കും. സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. 18 വയസ്സിൽ ആരും ബിരുദം പൂർത്തിയാക്കാറില്ലെന്നതും സാധാരണമായി 20 വയസ്സോടെ മാത്രമേ ബിരുദം നേടാനാകൂ എന്നതും കണക്കിലെടുത്താണ് തീരുമാനം.
