സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; പീക് സമയം കൂട്ടി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.30 മുതൽ രാത്രി 12.45 വരെ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് സാധ്യതയെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്നലെ രാത്രി 12.30 വരെ നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ്.

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. കൂടാതെ ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിലെ ആവാശ്യകതയിൽ രാജ്യത്താകമാനം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ആനുപാതികമായി സംസ്ഥാനത്തും പീക്ക് സമയങ്ങളിലെ ഉപഭോഗം 800 മെഗാവാട്ട് മുതൽ 900 മെഗാവാട്ട് വരെ ഉയർന്നിട്ടുണ്ട്.

കൂടാതെ സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഉയർന്ന വൈദ്യുതി ഉപഭോഗം മൂലം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാ ഹചര്യവും നിലനിൽക്കുന്നതിനാൽ, ഇന്ന് (10.09.2026) ന് സംസ്ഥാനത്ത് വൈകുന്നേരം 6.45 PM മുതൽ രാത്രി 12.45 മണി വരെ ഉള്ള പീക് സമയങ്ങളിൽ വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് അറിയിപ്പ്.