100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് 3 ദിവസം മുമ്പ് അനുമതി നിര്‍ബന്ധം

കേരളത്തില്‍ മാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സര്‍ക്കാര്‍. 100 ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന പൊതുപരിപാടികളോ, വീട്ടുചടങ്ങുകളോ നടത്തുന്നതിന് കുറഞ്ഞത് 3 പ്രവൃത്തി ദിവസങ്ങള്‍ക്ക് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കണം. മാലിന്യം വേര്‍തിരിക്കല്‍, ഹരിത കര്‍മ്മ സേനയുടെ യൂസര്‍ ഫീ, നിയമലംഘകര്‍ക്കുള്ള 50,000 രൂപ വരെയുള്ള പിഴയും, തടവുശിക്ഷയും ഉള്‍പ്പെടെയുള്ള പ്രധാന നിബന്ധനകള്‍ നിലവിലുണ്ട്. ശരിയായ മാലിന്യ സംസ്‌കരണം നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തുന്നു.

മാലിന്യങ്ങള്‍ 4 വേറെ വേറെ ബിന്നുകളില്‍ തരംതിരിക്കണമെന്നാണ് റൂള്‍. പച്ച ബിന്നില്‍ ജൈവ മാലിന്യങ്ങള്‍ (ഭക്ഷണാവശിഷ്ടങ്ങള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍), നീല ബിന്നില്‍ അജൈവ മാലിന്യങ്ങള്‍ (പ്ലാസ്റ്റിക്, പേപ്പര്‍, കവര്‍, ഗ്ലാസ്), കറുപ്പ് ബിന്നില്‍ പ്രത്യേക ശ്രദ്ധ വേണ്ടവ (ഇ-വേസ്റ്റ്, ബാറ്ററികള്‍, ട്യൂബ് ലൈറ്റുകള്‍, കാലാവധി കഴിഞ്ഞ മരുന്നുകള്‍), ചുവപ്പ് ബിന്‍ സാനിറ്ററി മാലിന്യങ്ങള്‍ (ഡയപ്പറുകള്‍, നാപ്കിനുകള്‍ മുതലായവ) എന്നിങ്ങനെ ശേഖരിക്കണം.

വേര്‍തിരിച്ച അജൈവ മാലിന്യങ്ങളും, പ്രത്യേക മാലിന്യങ്ങളും തദ്ദേശ സ്ഥാപനത്തിന്റെ ഹരിതകര്‍മ്മ സേനയ്ക്ക് വേണം കൈമാറാന്‍. ഇവ പൊതുസ്ഥലങ്ങളിലോം തുറസായ ഇടങ്ങളിലോ തള്ളാനോ, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ കത്തിക്കാനോ പാടില്ല. ഉറവിട ജൈവമാലിന്യ സംസ്‌കരണവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ കമ്പോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്റ് എന്നിവയിലൂടെ വീടുകളില്‍ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണം.

ഉറവിട സംസ്‌കരണം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജൈവമാലിന്യങ്ങള്‍ ഓരോ വീടുകളിലുംം സ്ഥാപനങ്ങളിലും തന്നെ സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കണം. കൂടാതെ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനയ്ക്ക് മാസം തോറും നിര്‍ബന്ധമായും യൂസര്‍ ഫീ നല്‍കണം.