വൈക്കത്തഷ്ടമിയുടെ ആചാര ചടങ്ങുകൾക്ക് നാളെ തുടക്കമാക്കും. പ്രധാന രണ്ട് ദേവസ്വം സന്ധ്യവേലകളിൽ 17 ന് തുടങ്ങുന്ന പുള്ളി സന്ധ്യവേലയുടെ കോപ്പ് തൂക്കൽ ചടങ്ങാണ് നാളെ. 17 ന് തുടങ്ങി 23 ന് വരെ ഒന്നിടവിട്ട നാല് ദിവസങ്ങളിലായാണ് പുള്ളി സന്ധ്യവേല നടക്കുക. ദേവസ്വം ഭാരവാഹികളും ഭക്തരും വൈക്കത്തപ്പനെ വന്ദിച്ച് ഉത്സവ മുന്നോടിയായി മംഗളവസ്തുക്കൾ തൂക്കി കാര്യക്കാരന് കൈമാറുന്ന ചടങ്ങാണ് കോപ്പ് തൂക്കൽ.
കലവറയിൽ ദീപം തെളിച്ച് വിഘ്നേശ്വരനെ സങ്കല്പ്‌പിച്ച് തൂശനിലയിൽ പൂവൻപഴം സമർപ്പിക്കും തുടർന്നാണ് കോപ്പുതുക്കൽ. ആദ്യം മഞ്ഞളും തുടർന്ന് ചന്ദനവും ത്രാസിൽ തൂക്കി കൈമാറും. കോപ്പുതുക്കലിന് മുൻപായി വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാടുകൾ നടത്തും. ഇതിൽ അഷ്ടമിക്ക് തുടക്കമായുള്ള ആചാരചടങ്ങായ ആദ്യ സന്ധ്യവേലയായ പുള്ളി സന്ധ്യവേല കോപ്പ് തൂക്കലാണ് നാളെ രാവിലെ 8 -45 നും 10-45 നും ഇടക്ക് ക്ഷേത്ര കലവറയിൽ നടക്കുന്നത്. രാവിലെയും വൈകിട്ടും ആനപ്പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, അഭിഷേകം പ്രാതൽ, വിളക്ക് ചടങ്ങുകളാണ് പ്രധാനമായി ഈ ദിവസങ്ങളിൽ നടക്കുന്നത്. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ ചേർത്തല, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ യുദ്ധം ചെയ്‌ത് പിടിച്ചടക്കിയപ്പോൾ അതിൽ മരണമടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശ്ശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വർഷംതോറും ഒന്നിടവിട്ട നാല് ദിവസങ്ങളിലായി നടത്തി വന്നിരുന്നതാണ് പുള്ളി സന്ധ്യവേല എന്നാണ് ചരിത്രം. ഇപ്പോൾ ഇത് ദേവസ്വത്തിൻ്റെ വകയായാണ് ചടങ്ങ് നടത്തുന്നത്.
പുള്ളി സന്ധ്യവേലകൾ പൂർത്തിയാകുന്നതോടെ 24 ന് തുടർച്ചയായ നാല് ദിവസങ്ങളിൽ നടക്കുന്ന മുഖസന്ധ്യവേല കോപ്പ് തൂക്കലാണ് നടക്കുക. ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ഇന്ദു കുമാരിയാണ് ക്ഷേത്രം അഡ്‌മിനിട്രേറ്റീവ് ഓഫീസർ എസ്. വിമൽകുമാറിന് മംഗളവസ്‌തുക്കൾ തൂക്കി കൈമാറുന്നത്.
