സംസ്ഥാനത്ത് ഇത്തവണ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ വലിയ മഴക്കുറവ് രേഖപ്പെടുത്തി. 2001 ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച നാലാമത്തെ കാലവർഷമാണ് ഇത്തവണ കടന്നുപോയത്. ഈ സീസണിൽ ആകെ 1446.5 മില്ലിമീറ്റർ മഴ മാത്രമാണ് കേരളത്തിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ 125 വർഷത്തെ ചരിത്രത്തിനിടയിൽ ഏറ്റവും കുറവ് മഴ ലഭിച്ച ഏഴാമത്തെ വർഷം കൂടിയാണിത്. കാലവർഷത്തിൽ കടുത്ത കുറവ് നേരിട്ടതോടെ വരാനിരിക്കുന്ന തുലവർഷത്തിലാണ് പ്രതീക്ഷകൾ മുഴുവൻ. വരുന്ന തുലവർഷത്തിൽ കേരളത്തിൽ സാധാരണ രീതിയിലുള്ള മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
