കനത്ത ചൂടിനാശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് ഓറഞ്ച് അലർട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയ്ക്കും ഓറഞ്ച് അലർട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
