ഫോണിൽ ഫുൾ സിഗ്നലോടുകൂടി 5ജി സിംബലുണ്ട്, പക്ഷേ ഇന്റർനെറ്റിന് സ്പീഡ് ഇല്ല; കാരണം അറിയാം

ഫോണിൽ എപ്പോഴും 5ജി സിഗ്നൽ കാണിക്കും, അതുകണ്ടാണ് എച്ച്ഡി സിനിമ കാണാനും ഡൗൺലോഡ് ചെയ്യാനും തുടങ്ങുക പക്ഷേ 3ജിയുടെ പോലും സ്പ‌ീഡ് ഇല്ലാതെ നിരാശയിലാകും. ഈ അനുഭവം ഉണ്ടായിട്ടുണ്ടോ? ഫോണിൽ സിംബൽ ഉണ്ടായിട്ടും ഇൻ്റർനെറ്റ് ലഭിക്കാത്തതെന്താണ് 5ജിയുണ്ടെങ്കിലും സ്‌പീഡ് ലഭിക്കാത്തതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എന്തൊക്കെയെന്ന് പരിശോധിക്കാം

ഫോണിൽ കാണുന്ന 5ജി ഒരു കബളിപ്പിക്കലാണോ?

ഫോണിൽ 5ജി സിംബൽ കാണിക്കുന്ന കേസുകളിൽ ഏകദേശം 40 ശതമാനത്തോളവും ഫോണുകൾ പ്രവർത്തിക്കുന്നത് പഴയ 4ജി കണക്ഷനിലാണ് ലണ്ടൻ, ബിർമിങ്ഹാം ഉൾപ്പെടെയുള്ള സ്‌ഥലങ്ങളിൽ നാല് പ്രധാന നെറ്റ്‌വർക്കുകളിൽ നടത്തിയ 11,000ത്തോളം ടെസ്‌റ്റുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ഉയർന്ന വേഗത്തിലുള്ള ആക്‌ടീവ് ലിങ്ക് ഉണ്ടെന്നതിനല്ല, മറിച്ച് ആ പ്രദേശത്ത 5ജി സിഗ്നലിന്റെ സാന്നിധ്യം ഉണ്ടെന്ന് കാണിക്കാൻ മാത്രമാണ് പല ഉപകരണങ്ങളും 5ജി ലോഗോ കാണിക്കുന്നത്

കൂടുതൽ പണം നൽകി 5ജി പ്ലാനുകൾ എടുക്കുന്ന ഉപയോക്താക്കൾക്ക് പലപ്പോഴും വാഗ്ദാനം ചെയ്‌ത വേഗത ലഭിക്കുന്നില്ല എന്ന് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. ‘സ്‌റ്റാൻഡേർഡ് 5ജി’ പ്ലാനുകളിൽ പോലും വേഗം കുറയുമ്പോൾ ഫോൺ തനിയെ 4ജി-യിലേക്ക് മാറുന്നതാണ് ഇതിന് കാരണം.

സിഗ്നലുണ്ടായിട്ടും ഇൻ്റർനെറ്റ് കിട്ടാത്തതിൻ്റെ മറ്റ് പ്രധാന കാരണങ്ങൾ ഫോണിൽ 5ജി സിംബൽ കാണിച്ചിട്ടും ഇൻ്റർനെറ്റ് പ്രവർത്തിക്കാതിരിക്കാൻ മറ്റ് ചില സാങ്കേതിക കാരണങ്ങൾ കൂടിയുണ്ട്.

. തിരക്കേറിയ സമയങ്ങളിൽ ഒരേ ടവറിലേക്ക് ആയിരക്കണക്കിന് ഡിവൈസുകൾ കണക്റ്റ് ചെയ്യുമ്പോൾ ശക്‌തമായ സിഗ്നലുണ്ടെങ്കിലും വേഗം ലഭിക്കാതെ വരാം.

. ബില്ലിങ് പ്രശ്‌നങ്ങൾ, ഡാറ്റാ ലിമിറ്റ് തീരൽ, അല്ലെങ്കിൽ അക്കൗണ്ട് പ്രൊവിഷനിങ് പിഴവുകൾ കാരണം കണക്റ്റിവിറ്റി തടസ്സപ്പെടാം.

. വിപിഎൻ (VPN) & ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വിപിഎൻ സർവീസുകളോ സെക്യൂരിറ്റി ആപ്പുകളോ ചിലപ്പോൾ ഇൻ്റർനെറ്റ് ട്രാഫിക് തടസ്സപ്പെടുത്താറുണ്ട്. തെറ്റായ എപിഎൻ (APN) സെറ്റിങ്സും ഇതിന് കാരണമാകാം.

ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം?

ഫോണിൽ ഫുൾ 5G സിഗ്നൽ ഉണ്ടായിട്ടും ഇൻ്റർനെറ്റ് കിട്ടുന്നില്ലെങ്കിൽ താഴെ പറയുന്ന ചെറിയ കാര്യങ്ങൾ ചെയ്തു നോക്കാവുന്നതാണ്

. ഫോണിൽ ഏയർപ്ലെയ്ൻ മോഡ് (Airplane Mode) ഓൺ ചെയ്ത‌് കുറച്ചു സമയം കഴിഞ്ഞ് ഓഫ് ചെയ്യുക.

. ഫോൺ ഒന്ന് റീസ്‌റ്റാർട്ട് ചെയ്യുക.

. ആക്ട‌ീവായിട്ടുള്ള വിപിഎൻ (VPN) സർവീസുകൾ താൽക്കാലികമായി ഡിസേബിൾ ചെയ്യുക

. ഫോണിന്റെ നെറ്റ്വർക്ക് സെറ്റിങ്സ് റീസെറ്റ് ചെയ്യുക

. ഐപിഎൻ (APN) സെറ്റിങ്‌സ് പരിശോധിച്ച് ആവശ്യമെങ്കിൽ കാരിയറുമായി ബന്ധപ്പെടുക.

ഫോണിലെ ഒരു സിംബൽ മാത്രം കണ്ട് പ്രതീക്ഷിക്കുന്ന വേഗം ചിലപ്പോൾ കിട്ടണമെന്നില്ല. ചെറിയൊരു ട്രബിൾഷൂട്ടിങിലൂടെയോ യഥാർത്ഥ നെറ്റ്‌വർക്ക് അവസ്ഥ മനസ്സിലാക്കിയോ ഈ പ്രശ്‌നങ്ങളെ ഒരു പരിധി വരെ നമുക്ക് മറികടക്കാൻ സാധിക്കും.