സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേ വാർഡ് അനുവദിക്കാനുള്ള വരുമാനപരിധി മാനദണ്ഡമൊഴിവാക്കി സർക്കാർ ഉത്തരവിറക്കി. ഇതുപ്രകാരം നിശ്ചിത മുറിവാടക അടച്ചാൽ ബി.പി.എൽ വിഭാഗം രോഗികൾക്കും പേ വാർഡ് അനുവദിക്കും.
കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സെസൈറ്റിക്കു (കെ.എച്ച്.ആർ.ഡബ്ല്യു എസ്) കീഴിലെ പേവാർഡുകൾ കിട്ടാൻ ഒ.പി ടിക്കറ്റിൽ രേഖപ്പെടുത്തുന്ന പ്രതിമാസവരുമാനം നിലവിൽ മാനദണ്ഡമാണ്. ഇതാണ് പുതിയ ഉത്തരവിലൂടെ തിരുത്തിയത്.
പേ വാർഡിൽ പ്രവേശിച്ചാലും ജനറൽ വാർഡിൽ നൽകുന്ന ചികിത്സാസേവനങ്ങൾ നിഷേധിക്കാനോ അധികനിരക്ക് ഈടാക്കാനോ പാടില്ലെന്നും ഉത്തരവിലുണ്ട്.
കാസ്പ്, കാരുണ്യ ബെനവലൻ്റ് ഫണ്ട്, ബി.പി.എൽ വിഭാഗങ്ങളിലെ രോഗികൾക്ക് നിലവിൽ പേ വാർഡ് അനുവദിച്ചിരുന്നില്ല. ഇവർ ജനറൽ വാർഡിലാണ് ചികിത്സ തേടിയിരുന്നത്. ഇവർക്ക് ഇനി പേ വാർഡ് കിട്ടുമെന്നു മാത്രമല്ല ചികിത്സാസേവനങ്ങളും ആനുകൂല്യങ്ങളും ബന്ധപ്പെട്ട ഇൻഷുറൻസ്-സഹായധന പദ്ധതികളുടെ വ്യവസ്ഥക്കു വിധേയമായി ലഭിക്കുകയും ചെയ്യും.
