ദത്തെടുത്ത മകൾ/മകൻ എന്ന വേർതിരിവ് ഔദ്യോഗിക രേഖകളിൽ പാടില്ലെന്ന സുപ്രധാന വിധിയുമായി ഹൈക്കോടതി. ജനനം കൊണ്ടോ ദത്തെടുക്കൽ വഴിയോ ആകാം ബന്ധങ്ങൾ തുടങ്ങുന്നത്. എന്നാൽ ‘മക്കൾ’ എന്നതിൽ എവിടേയും വിവേചനം വേണ്ട. അച്ഛന്റെ മരണാനന്തരമുള്ള പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റിൽ താലൂക്ക് ഓഫീസ് ദത്തെടുത്ത മകൾ എന്ന് രേഖപ്പെടുത്തിയതിനെതിരെ തൃശൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
ദത്തെടുത്ത മക്കൾക്കായി ഇ ഡിസ്ട്രിക്റ്റ് പോർട്ടലിൽ പ്രത്യേക ഓപ്ഷൻ നൽകുന്നത് ഒഴിവാക്കണം. ഔദ്യോഗിക രേഖകളിൽ മകൻ എന്നോ മകൾ എന്നോ മതി. ഇതിനായി നിലവിലുള മാർഗനിർദ്ദേശങ്ങളിൽ ഒരു മാസത്തിനകം മാറ്റം വരുത്താൻ റവന്യൂവകുപ്പ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു.
1990ൽ ദത്തെടുക്കപ്പെട്ട ഹർജിക്കാരി മാതാപിതാക്കളുടെ ഏക മകളാണ് അമ്മയുടെ മരണാനന്തരം ലഭിച്ച അവകാശ സർട്ടിഫിക്കറ്റിലും മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകളിലും മകൾ എന്ന് മാത്രമേയുള്ളൂ എന്നാൽ അച്ഛൻ്റെ അവകാശ സർട്ടിഫിക്കറ്റിൽ വന്ന മാറ്റം തന്റെ അന്തസ്സിനെ ബാധിക്കുമെന്നും വ്യക്തി ജീവിതത്തിൽ അനാവശ്യ അന്വേഷണങ്ങൾക്ക് വഴിവയ്ക്കുമെന്നുമായിരുന്നു വാദം.
ഹിന്ദു ദത്തെടുക്കൽ നിയമത്തിലെ 12-ാം വകുപ്പുപ്രകാരം ദത്തെടുക്കപ്പെട്ടവർ എല്ലാ അർത്ഥത്തിലും കുടുംബത്തിലെ അംഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദത്തുപുത്രിയെന്നോ ദത്തുപുത്രനെന്നോ സമൂഹവും വിളിക്കാറില്ല. അതിനാൽ ഔദ്യോഗിക രേഖകളിൽ ഇത് പ്രത്യേകം രേഖപ്പെടുത്തേണ്ട ഒരാവശ്യവുമില്ല. ദത്തെടുത്ത എന്ന വാക്ക് നീക്കം ചെയ്ത് പുതിയ അവകാശ സർട്ടിഫിക്കറ്റ് രണ്ടാഴ്ചയ്കളിൽ തൃശൂർ തഹസിൽദാർ നൽകണം. കേസിന്റെ ആവശ്യത്തിനായി ഹർജിക്കാരിക്ക് കോടതി അമൂല്യമായത് എന്നർത്ഥം വരുന്ന അൻമോൾ എന്നു പേരിട്ടിരുന്നു. സ്വകാര്യത സംരക്ഷിക്കാനാണ് യഥാർത്ഥ പേര് രഹസ്യമാക്കിയത്.
