പ്ലസ് വൺ ക്ലാസുകൾ ജൂലൈ 6ന് ആരംഭിക്കും

സംസ്‌ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത് ജൂലൈ ആറിലേക്കു മാറ്റി. ഒന്നാം ഘട്ട പ്രവേശനം പൂർത്തിയാക്കി ജൂലൈ 2നു ക്ലാസുകൾ ആരംഭിക്കുമെന്നായിരുന്നു വിജ്ഞാപനത്തിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം കൂടി പൂർത്തിയായ ശേഷം ക്ലാസുകൾ ആരംഭിക്കാനാണ് മാറ്റം വരുത്തിയതെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

മുൻപ് മുഖ്യ ഘട്ടത്തിലെ രണ്ടാം അലോട്മെന്റിന് ഒപ്പമായിരുന്നു കമ്യൂണിറ്റി ക്വോട്ട പ്രവേശനവും നടന്നിരുന്നത്. ഇത്തവണ മൂന്നാം അലോട്മെന്റിനു ശേഷമേ കമ്യൂണിറ്റി ക്വോട്ട പ്രവേശനം ആരംഭിക്കുകയുള്ളൂ. ഇതാണ് ക്ലാസ് ആരംഭിക്കുന്നതിലും മാറ്റം വരാൻ കാരണം. 15ന് ആണ് മുഖ്യഘട്ടത്തിലെ ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കുന്നത്.