ഭാരത ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസിന് ഇന്ന് തുടക്കം. പതിറ്റാണ്ടുകൾ നീണ്ട പേപ്പർ അധിഷ്ഠിത സർവ്വേകളിൽ നിന്ന് മാറി, മൊബൈൽ ആപ്പുകളിലൂടെയും ഡിജിറ്റൽ പോർട്ടലുകളിലൂടെയും വിവരങ്ങൾ ശേഖരിക്കുന്ന അത്യാധുനിക രീതിയിലേക്കാണ് രാജ്യം മാറുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടപ്പിലാക്കുന്നത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരയുള്ള ഒന്നാം ഘട്ടത്തിൽ ഗാർഹിക വിവരശേഖരണവും, 2027 ഫെബ്രുവരിയിൽ രണ്ടാം ഘട്ടമായി വ്യക്തിഗത വിവരശേഖരണവും നടക്കും.
ഈ ഡിജിറ്റൽ സെൻസസിലെ ഏറ്റവും വലിയ പ്രത്യേകത സ്വയം വിവരശേഖരണ (സെൽഫ്-എനൂമറേഷൻ) സൗകര്യമാണ്. അതായത് പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടലിൽ ലോഗിൻ ചെയ്ത് സ്വന്തം വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താം. ഇങ്ങനെ ചെയ്യുന്നവർക്ക് ലഭിക്കുന്ന ഐഡി പിന്നീട് വരുന്ന ഉദ്ദ്യോഗസ്ഥന് കൈമാറിയാൽ മതിയാകും. ഇത് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനും വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താനും സഹായിക്കും.
മലയാളം ഉൾപ്പടെ 16 ഭാഷകളിൽ വിവരങ്ങൾ രേഖപ്പെടുത്താൻ സൗകര്യമുണ്ടെന്നതാണ് ഡിജിറ്റൽ സെൻസസിന്റെ മറ്റൊരു വലിയ പ്രത്യേകത. ഇതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് തങ്ങളുടെ മാതൃഭാഷയിൽ തന്നെ കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കും.
വിവരശേഖരണത്തിൽ കൂടിതൽ സുതാര്യതയും വേഗതയും കൊണ്ടുവരിക എന്നതാണ് ഡിജിറ്റൽ സെൻസസിന്റെ പ്രധാന ലക്ഷ്യം. ജാതി തിരിച്ചുള്ള വിവരങ്ങൾ, ഡിജിറ്റൽ സാക്ഷരത തുടങ്ങിയ പുതിയ കാര്യങ്ങളും ഈ സർവ്വേയിൽ ഉൾപ്പെടുത്തിയേക്കും. ശേഖരിക്കുന്ന വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക ഡാറ്റാ സെന്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭാവിക്കാവശ്യമായ ക്ഷേമപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഭരണപരമായ തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനും ഈ ഡിജിറ്റൽ മുന്നേറ്റം വലിയ രീതിയിൽ സഹായകമാകും.
