രാത്രിയിലെ ട്രെയിന്‍ യാത്രയില്‍ ഏത് സമയം മുതല്‍ മിഡില്‍ബര്‍ത്ത് ഉപയോഗിക്കാമെന്നറിയാമോ

രാത്രിയാത്രയില്‍ മിഡില്‍ ബര്‍ത്ത് ഉപയോഗിക്കുന്നതിനെക്കുറിച്ച് പലര്‍ക്കും സംശയങ്ങള്‍ നിരവധിയാണ്. മിഡില്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് എത്ര സമയം മുതലാണ് അത് ഉപയോഗിക്കാന്‍ കഴിയുന്നത്?. രാവിലെ എത്രമണിവരെ ഉപയോഗിക്കാം?

രാത്രികാല ഉപയോഗത്തിന് മാത്രമുളളതാണ് മിഡില്‍ ബര്‍ത്ത്. യാത്രക്കാര്‍ക്ക് സുഖകരമായി യാത്ര ചെയ്യാനുള്ള സൗകര്യം ലക്ഷ്യമിട്ട് റിസര്‍വ്വ് ചെയ്ത മിഡില്‍ ബര്‍ത്തുകള്‍ ഉപയോഗിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. റിസര്‍വ്വ് ചെയ്ത കമ്പാര്‍ട്ട്‌മെന്റില്‍ നിശ്ചിത ഉറക്ക സമയവും ഇരിപ്പിട സമയവും നിശ്ചയിക്കുന്നതാണ് ഈ മാനദണ്ഡങ്ങള്‍.

ഇന്ത്യന്‍ റെയില്‍വേയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് രാത്രി 10.00 മുതല്‍ രാവിലെ 6.00മണി വരെ മിഡില്‍ ബര്‍ത്ത് ഉപയോഗിക്കാന്‍ സാധിക്കും. ഈ നിയമം 2017 ലെ റെയില്‍വേ ബോര്‍ഡ് കൊമേഴ്‌സ്യല്‍ സര്‍ക്കുലര്‍ നമ്പര്‍ 60 നെ പിന്തുണയ്ക്കുന്നുണ്ട്. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് മണിവരെ അല്ലാത്ത സമയങ്ങളില്‍ മധ്യഭാഗത്തെ ബര്‍ത്ത് മടക്കി വച്ചിരിക്കേണ്ടതാണ്. ഇത് ലോവര്‍ബര്‍ത്തില്‍ യാത്രക്കാര്‍ക്ക് സുഖകരമായി ഇരുന്ന് യാത്ര ചെയ്യാനുളള സൗകര്യമൊരുക്കും. എല്ലാ യാത്രക്കാര്‍ക്കും സുഖ സൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ പകല്‍ സമയത്ത് മിഡില്‍ ബര്‍ത്ത് മടക്കി വയ്‌ക്കേണ്ടതാണ്.

ബെര്‍ത്ത് ഉപയോഗത്തെക്കുറിച്ച് യാത്രക്കാര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായാല്‍ എന്ത് ചെയ്യും?

ബെര്‍ത്ത് ഉപയോഗത്തെക്കുറിച്ചോ സമയത്തെക്കുറിച്ചോ യാത്രക്കാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ റെയില്‍വേ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിയമങ്ങള്‍ നടപ്പിലാക്കാന്‍ ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍ക്ക് (ടിടിഇ)ക്ക് അധികാരമുണ്ട്. ചില പ്രത്യേക സാഹചര്യങ്ങള്‍ മിഡില്‍ ബര്‍ത്ത് ഉപയോഗിക്കുന്ന കാര്യത്തില്‍ യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. അതായത് ഗര്‍ഭിണികള്‍ക്കോ പ്രായമായ യാത്രക്കാര്‍ക്കോ പ്രത്യേക പരിഗണന ആവശ്യമുണ്ടെങ്കില്‍ സഹയാത്രക്കാര്‍ അവരുമായി സഹകരിക്കേണ്ടിവരും. ചുരുക്കി പറഞ്ഞാല്‍ രാത്രിയിലെ ഉറക്കത്തിനുളള സൗകര്യവും പകല്‍ സമയത്തെ ഇരിപ്പിട സൗകര്യവും തുല്യമാക്കുന്ന രീതിയിലാണ് മിഡില്‍ ബര്‍ത്ത് നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.