ഇനിമുതൽ മറ്റുള്ളവർക്ക് ഫോൺ നമ്പർ കൈമാറാതെ തന്നെ വാട്‌സാപ്പിൽ ചാറ്റ് ചെയ്യാൻ സഹായിക്കുന്ന ‘യൂസർനെയിം’ ഫീച്ചർ വരുന്നു. ഈ വർഷം അവസാനം ഔദ്യോഗികമായി പുറത്തിറങ്ങുന്ന ഈ ഫീച്ചറിനായി യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സൗകര്യം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. തുടക്കത്തിൽ ഘട്ടങ്ങളായി മാത്രമായിരിക്കും ഈ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകുക. അതിനാൽ എല്ലാവർക്കും ഒരേസമയം ഈ സൗകര്യം ലഭിച്ചേക്കില്ല.
യൂസർനെയിം എങ്ങനെ റിസർവ് ചെയ്യാം?
നിങ്ങളുടെ അക്കൗണ്ടിൽ ഈ ഫീച്ചർ ലഭ്യമായിട്ടുണ്ടോ എന്നറിയാൻ വാട്‌സാപ്പ് ഏറ്റവും പുതിയ വേർഷനിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം താഴെ പറയുന്ന ഘട്ടങ്ങൾ പരിശോധിക്കുക:
സ്റ്റെപ്പ് 1.
നിങ്ങളുടെ ഫോണിൽ വാട്‌സാപ്പ് ഓപ്പൺ ചെയ്ത് Settings-ലേക്ക് പോവുക.
സ്റ്റെപ്പ് 2.
സെറ്റിങ്സിലുള്ള Account എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. (അല്ലെങ്കിൽ പ്രൊഫൈൽ സെറ്റിങ്സ് പരിശോധിക്കുക).
സ്റ്റെപ്പ് 3.
അവിടെ കാണുന്ന Username എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇഷ്ടമുള്ള പേര് നൽകി റിസർവ് ചെയ്യാം.
പ്രധാന സവിശേഷതകൾ
യൂസർനെയിം നിലവിൽ വരുന്നതോടെ പുതിയ ആളുകളുമായി ചാറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോൺ നമ്പർ അവർക്ക് കാണാൻ സാധിക്കില്ല.
ഡിജിറ്റൽ ക്രിയേറ്റർമാർക്കും ചെറുകിട ബിസിനസുകാർക്കും തങ്ങളുടെ ബ്രാൻഡ് നെയിം നിലനിർത്താനായി നിലവിലുള്ള ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് യൂസർനെയിം തന്നെ വാട്‌സാപ്പിലും ക്ലെയിം ചെയ്യാം.
ഇൻസ്റ്റാഗ്രാം പോലെ ആളുകളെ പേര് അടിച്ച് സെർച്ച് ചെയ്ത് കണ്ടുപിടിക്കാനുള്ള പബ്ലിക് ഡയറക്ടറി വാട്‌സാപ്പിൽ ഉണ്ടാകില്ല. ഒരാളുമായി ചാറ്റ് ചെയ്യണമെങ്കിൽ അവരുടെ കൃത്യമായ യൂസർനെയിം അറിഞ്ഞിരിക്കണം.
കൂടുതൽ സുരക്ഷിതത്വത്തിനായി 4 അക്കങ്ങളുള്ള ഒരു ‘യൂസർനെയിം കീ’ കൂടി സെറ്റ് ചെയ്യാം. നിങ്ങളുടെ യൂസർനെയിം അറിയാവുന്ന ഒരാൾക്ക് പോലും ഈ കീ ഇല്ലാതെ ആദ്യമായി നിങ്ങളെ മെസ്സേജ് അയക്കാൻ സാധിക്കില്ല.
കൂടാതെ, മെറ്റാവേഴ്സ് അധിഷ്ഠിത ‘അവതാറുകൾ’ വാട്‌സാപ്പിൽ നിന്ന് നീക്കം ചെയ്യുകയാണെന്നും, ആൻഡ്രോയിഡിൽ ഫേസ്ബുക്കിന്റെ ചാറ്റ് ഹെഡ്സിന് പകരമായി നോട്ടിഫിക്കേഷൻ ബബിൾ സപ്പോർട്ട് കൊണ്ടുവരാൻ വാട്‌സാപ്പ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാട്‌സാപ്പ് വെബ് വേർഷനായി അമ്പതോളം പുതിയ തീമുകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
