പഴയ വാഹനം സ്ക്രാപ്പിന് കൊടുക്കും മുൻപ് അറിയണം; നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ പുതിയ സംവിധാനം

പഴകിയ വാഹനം ഉപയോഗശൂന്യമായാൽ പലരും അത് സ്ക്രാപ്പ് യാർഡുകളിലോ ഇരുമ്പ് വിലയ്ക്കോ വിറ്റഴിച്ച് ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇത്തരത്തിൽ വാഹനം കൈമാറിയാലും നിയമപരമായ ബാധ്യതയിൽ നിന്ന് ഉടമ പൂർണമായി ഒഴിവാകണമെന്നില്ല. ഭാവിയിൽ വാഹനം ദുരുപയോഗം ചെയ്യപ്പെടുകയോ വ്യാജരേഖകളിലൂടെ വീണ്ടും ഉപയോഗിക്കപ്പെടുകയോ ചെയ്താൽ നിയമപരമായ ഉത്തരവാദിത്തം വാഹന ഉടമയിലേക്ക് തന്നെ എത്തിച്ചേരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് പഴയ വാഹനങ്ങൾ നിയമപരമായി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി (RVSF) സംവിധാനം നടപ്പാക്കിയിരിക്കുന്നത്.

നിയമപരമായി വാഹനം ഒഴിവാക്കാൻ RVSF

കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ (Scrapping policy) ഭാഗമായാണ് രാജ്യത്ത് വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ അഥവാ Registered Vehicle Scrapping Facility (RVSF) കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. പഴയ വാഹനങ്ങൾ ശാസ്ത്രീയമായും നിയമാനുസൃതമായും പൊളിച്ച് രജിസ്ട്രേഷൻ റദ്ദാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

കേരളത്തിൽ നിലവിൽ മൂന്ന് RVSF കേന്ദ്രങ്ങൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ചേർത്തല – SILK RVSF South Zone

എടപ്പാൾ – SIMCO RVSF Pvt. Ltd. & KSRTC

അഴിക്കൽ (കണ്ണൂർ) – SILK RVSF North Zone

ഭാവിയിൽ എല്ലാ ജില്ലകളിലും വാഹന ശേഖരണ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് പദ്ധതി.

സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് എന്താണ്?

പഴയ വാഹനം RVSF-ൽ ഏൽപ്പിച്ചാൽ ഉടമയ്ക്ക് സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് (Certificate of Deposit– CoD) ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പിന്നീട് അതേ വിഭാഗത്തിലുള്ള പുതിയ വാഹനം വാങ്ങുമ്പോൾ വിവിധ ആനുകൂല്യങ്ങൾ ലഭിക്കും.

CoD സ്വന്തമായി ഉപയോഗിക്കാനോ മറ്റൊരാൾക്ക് കൈമാറാനോ (Tradeable) കഴിയും. പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഇത് വിൽക്കാനും സൗകര്യമുണ്ട്.

ലഭിക്കുന്ന ആനുകൂല്യങ്ങൾ

CoD ഉപയോഗിച്ച് പുതിയ വാഹനം വാങ്ങുമ്പോൾ കേരളത്തിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ

രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാകും.

സ്വകാര്യ വാഹനങ്ങൾക്ക് ലൈഫ് ടാക്സിൽ 15 ശതമാനം ഇളവ് (15 വർഷത്തേക്ക്).

ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് നികുതിയിൽ 10 ശതമാനം ഇളവ് (5 വർഷത്തേക്ക്).

ഒരു വർഷത്തിനുള്ളിൽ ഉപയോഗിക്കണം

CoD ലഭിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ അത് ഉപയോഗിച്ചാൽ മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭിക്കൂ. കാലാവധി കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് അസാധുവാകും.

രജിസ്ട്രേഷൻ റദ്ദാക്കാൻ മറക്കരുത്

വാഹനം പൂർണമായി പൊളിച്ചശേഷം RVSF ഉടമയ്ക്ക് വാഹനം പൊളിച്ചതായുള്ള സർട്ടിഫിക്കറ്റ് (Certificate of Vehicle Scrapping) നൽകും. വാഹനവുമായി ബന്ധപ്പെട്ട എല്ലാ ബാധ്യതകളും തീർത്തശേഷം ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആർടിഒയിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ ഔദ്യോഗികമായി റദ്ദാക്കാം.

പഴയ വാഹനം സാധാരണ സ്ക്രാപ്പ് യാർഡുകളിൽ വിറ്റ് പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തുന്നതിനേക്കാൾ, സർക്കാർ അംഗീകൃത RVSF കേന്ദ്രങ്ങൾ വഴി നിയമാനുസൃതമായി പൊളിച്ച് രജിസ്ട്രേഷൻ റദ്ദാക്കുന്നതാണ് സുരക്ഷിതമായ മാർഗം. ഇതിലൂടെ ഭാവിയിലെ നിയമക്കുരുക്കുകൾ ഒഴിവാക്കാനാകുന്നതോടൊപ്പം പുതിയ വാഹനം വാങ്ങുമ്പോൾ സാമ്പത്തിക ആനുകൂല്യങ്ങളും സ്വന്തമാക്കാം.