പരമ്പരാഗത ബിരുദത്തിന് വിദ്യാർഥികൾ കുറയുന്നു

രാജ്യത്തെ പരമ്പരാഗത ബിരുദ പ്രോഗ്രാമുകളിൽ ചേരുന്നവരുടെ എണ്ണം കുറഞ്ഞതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ(എഐഎസ്എച്ച്ഇ) റിപ്പോർട്ട്. ആദ്യമായിട്ടാണ് ബിഎ, ബിഎസ്‌സി തുടങ്ങിയ പരമ്പരാഗത പ്രോഗ്രാമുകളിൽ ഇത്തരമൊരു മാറ്റം പ്രകടമാകുന്നത്. വൊക്കേഷനൽ, പ്രഫഷനൽ പ്രോഗ്രാമുകൾക്കു സർക്കാർ നൽകുന്ന പ്രാധാന്യം ഉൾപ്പെടെ ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നു.

2022-23, 2023-24 വർഷങ്ങളിലെ റിപ്പോർട്ടുകൾ ഏതാനും ദിവസം മുൻപാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ചത്. പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലെ പ്രവേശനത്തിൽ വർധന രേഖപ്പെടുത്തിയപ്പോൾ 2023-24 വർഷത്തിൽ ബിരുദ പ്രോഗ്രാമുകളിൽ ചേർന്നവരുടെ എണ്ണം കുറഞ്ഞെന്നാണു കണക്ക്. 2022-23ലേതിനേക്കാൾ ഒരു ലക്ഷത്തോളം വിദ്യാർഥികൾ കുറഞ്ഞു.

2022-23ൽ 56180 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് റിപ്പോർട്ടിൽ ഭാഗമായതെങ്കിൽ 2023-24ൽ ഇതു 64756 ആയി വർധിച്ചു. 2022-23ൽ 3.47 കോടി വിദ്യാർഥികൾ ബിരുദത്തിന് എൻറോൾ ചെയ്തതെങ്കിൽ 2023-24ൽ ഇതു 3.46 കോടിയായി കുറഞ്ഞു.