എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനവും പാഠപുസ്തക വിതരണവും വൈകില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്.എസ്.എൽ.സി. പരീക്ഷാഫലം നേരത്തേ നിശ്ചയിച്ചപോലെ, വെള്ളിയാഴ്ചതന്നെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ ഗുണമേന്മാ സമിതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. പരീക്ഷാബോർഡ് ബുധനാഴ്ച ചേരും. ഹയർ സെക്കൻഡറി ഫലവും സമയത്തുതന്നെ പ്രസിദ്ധീകരിക്കും. അച്ചടി പൂർത്തിയാക്കി, പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്ന ജൂൺ ഒന്നിനുമുൻപ് വിതരണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി ബുധനാഴ്ച കളക്ടർമാരുടെ യോഗം വിളിച്ചിട്ടുണ്ട്. അധ്യാപകരുടെ വേനലവധിക്കാല പരിശീലനത്തിലെ അനിശ്ചിതത്വം അധ്യാപകസംഘടനാ നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. ഇതിനെത്തുടർന്ന് സംസ്ഥാന-ജില്ലാ പരിശീലനം ഓൺലൈനാക്കാനും താഴെത്തട്ടിലെ പരിശീലനം പതിവുപോലെ സംഘടിപ്പിക്കാനും ധാരണയായി.
കെ-ടെറ്റ് ഫലവും ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ഡയറക്ടർ ഉറപ്പുനൽകി. സ്ഥലംമാറ്റ നടപടികളും വേഗത്തിലാക്കും.
