പെട്രോൾ പമ്പുകളിൽ ഇന്ധനം മാത്രമല്ല മറ്റ് പല സേവനങ്ങളും സൗജന്യമായി നൽകുന്നുണ്ടെന്ന് അറിയാമോ?

പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധനം മാത്രമല്ല ചില അടിസ്ഥാന സൗകര്യങ്ങളും സൗജന്യമായി ലഭിക്കേണ്ടതുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. ദീര്‍ഘദൂര യാത്രയ്ക്കിടെ പ്രത്യേകിച്ചും ഉപകാരപ്പെടുന്ന സൗകര്യങ്ങളാണിവ. എന്തൊക്കെയാണ് അവയെന്ന് നോക്കാം.

ടയറില്‍ കാറ്റ് നിറയ്ക്കാം പണം വേണ്ട

വണ്ടിയുടെ ടയറിലെ കാറ്റ് പരിശോധിക്കാനും ആവശ്യമായ അളവില്‍ കാറ്റ് നിറയ്ക്കാനും പെട്രോള്‍ പമ്പുകളില്‍ സൗകര്യമുണ്ടാകും. ഇതിന് സാധാരണയായി പണം ഈടാക്കാന്‍ പാടില്ല. ഡിജിറ്റല്‍ എയര്‍ പ്രഷര്‍ മെഷീനോ സാധാരണ എയര്‍ മെഷീനോ ആയിരിക്കാം ഉപയോഗിക്കുന്നത്. യാത്രയ്ക്ക് മുമ്പ് ടയര്‍ പ്രഷര്‍ പരിശോധിക്കുന്നത് സുരക്ഷയ്ക്കും വാഹനത്തിന്റെ ഇന്ധനക്ഷമതയ്ക്കും പ്രധാനമാണ്.

കുടിക്കാന്‍ വെള്ളം

പെട്രോള്‍ പമ്പില്‍ എത്തുന്നവര്‍ക്ക് കുടിവെള്ള സൗകര്യം ഉണ്ടായിരിക്കേണ്ടതുണ്ട്. യാത്രയ്ക്കിടെ വെള്ളം തീര്‍ന്നാല്‍ പെട്രോള്‍ പമ്പില്‍ നിന്ന് കുടിവെള്ളം ചോദിക്കാം. എന്നാല്‍ ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. എല്ലാ പമ്പുകളിലും ഒരേ തരത്തിലുള്ള തണുത്ത വെള്ളം തന്നെ ലഭിക്കണമെന്നില്ല. പ്രധാനമായി സുരക്ഷിതമായ കുടിവെള്ള സൗകര്യം ലഭ്യമാക്കുക എന്നതാണ് മാനദണ്ഡം.

ടോയ്‌ലറ്റ് ഉപയോഗിക്കാനും പണം വേണ്ട

യാത്രയ്ക്കിടെ ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്ന മറ്റൊരു സൗകര്യമാണ് ടോയ്‌ലറ്റ്. പ്രത്യേകിച്ച് ദീര്‍ഘദൂര യാത്ര ചെയ്യുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാണ്. പെട്രോള്‍ പമ്പുകളില്‍ ടോയ്‌ലറ്റ് സൗകര്യം ലഭ്യമായിരിക്കണം. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍, വൃത്തിയും ഉപയോഗിക്കാവുന്ന അവസ്ഥയും ഉറപ്പാക്കണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങളില്‍ പറയുന്നത്.

.