ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ലഫ്റ്റനന്റ് ജനറല്‍ എന്‍.എസ്. രാജ സുബ്രഹ്മണിയെ (റിട്ട.) നിയമിച്ചു. നിലവിലെ സി.ഡി.എസ് ജനറല്‍ അനില്‍ ചൗഹാന് ഈ മാസം 30-ന് കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം ചുമതല വഹിക്കും. നിലവില്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ സൈനിക ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയാണ് രാജ സുബ്രഹ്മണി.
കഴിഞ്ഞ വര്‍ഷം ജൂലൈ 31-ന് കരസേനയുടെ വൈസ് ചീഫായിരിക്കെയാണ് അദ്ദേഹം ഔദ്യോഗിക സേവനത്തില്‍ നിന്ന് വിരമിച്ചത്. 39 വര്‍ഷം നീണ്ട സേവനത്തിനിടയില്‍ സെന്‍ട്രല്‍ കമാന്‍ഡ് ജി.ഒ.സി-ഇന്‍-സി ആയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പരം വിശിഷ്ട സേവാ മെഡല്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1985-ല്‍ ഗര്‍വാള്‍ റൈഫിള്‍സിലാണ് അദ്ദേഹം കമ്മീഷന് ചെയ്തത്. ആസാമിലെ കൗണ്ടര്‍ ഇന്‍സെര്‍ജന്‍സി ഓപ്പറേഷന്, ജമ്മു കശ്മീരിലെ ഇന്‍ഫന്ററി ബ്രിഗേഡ്, വെസ്റ്റേണ്‍ ഫ്രണ്ടിലെ സ്ട്രൈക്ക് കോര്‍പ്സ് തുടങ്ങിയ സുപ്രധാന മേഖലകളില്‍ നേതൃത്വം നല്കിയ പരിചയം അദ്ദേഹത്തിനുണ്ട്.
നാവികസേനയുടെ അമരത്തും പുതിയ മാറ്റം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന് ഇന്ത്യയുടെ അടുത്ത നാവികസേനാ മേധാവിയാകും. മെയ് 31-ന് അഡ്മിറല്‍ ദിനേഷ് കുമാര്‍ ത്രിപാഠി വിരമിക്കുന്നതോടെ അദ്ദേഹം ചുമതലയേല്‍ക്കും.
നിലവില്‍ വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡറായ കൃഷ്ണ സ്വാമിനാഥന്, വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയുടെ കമാന്‍ഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഐ.എന്‍.എസ് മൈസൂര്‍, ഐ.എന്‍.എസ് കുലിഷ് തുടങ്ങിയ പ്രമുഖ യുദ്ധക്കപ്പലുകളുടെയും കമാന്‍ഡറായിരുന്നു. 1987-ല്‍ നാവികസേനയില്‍ ചേര്‍ന്ന ഇദ്ദേഹം കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ എന്നിവയില്‍ വിദഗ്ധനാണ്.
