കോട്ടയം – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേക്കടവ് പാലത്തിൻ്റെ ഉദ്ഘാടനം 18ന് രാവിലെ 9ന് മാക്കേക്കടവിൽ മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും. മന്ത്രിമാരായ പി.കെ. ബഷീർ, എം. ലിജു, മോൻസ് ജോസഫ്, എംപിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് അരൂർ എംഎൽഎയും ഡപ്യൂട്ടി സ്‌പീക്കറുമായ ഷാനിമോൾ ഉസ്‌മാൻ, വൈക്കം എംഎൽഎ കെ. ബിനിമോൻ, ആലപ്പുഴ കലക്‌ടർ ഷാജി വി നായർ, പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ ടി. രേഖ എന്നിവർ അറിയിച്ചു. മാക്കേക്കടവിൽ പാലത്തിനോടു ചേർന്നുള്ള സ്‌ഥലത്താണ് സമ്മേളനം നടത്താൻ ആലോചിക്കുന്നത്.
പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും നിർമാണം പൂർണമായി. സുരക്ഷാ രേഖകൾ വരയ്ക്കുന്നത്, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് തുടങ്ങിയവ പുരോഗമിക്കുകയാണ്. തെരുവുവിളക്കുകൾക്ക് വൈദ്യുതി കണക്ഷനും ഉടൻ ലഭ്യമാകും. തുറവൂർ – പമ്പ പാതയുടെ ഭാഗമാണ് മാക്കേക്കടവ് – നേരേകടവ് പാലം തുറവൂരിൽ ആരംഭിച്ച് തൈക്കാട്ടുശേരി, മാക്കേക്കവല, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, പാലാ, എരുമേലി വഴി പമ്പയിലെത്തുന്നതാണ് തുറവൂർ – പമ്പ പാത ആദ്യ ഭാഗമായി തുറവൂർ – തൈക്കാട്ടുശേരി പാലം നിർമാണം 2015ൽ പൂർത്തിയായിരുന്നു.
രണ്ടാം ഘട്ടമാണ് മാക്കേക്കടവ് – നേരേകടവ് പാലം. ആലപ്പുഴ തൈക്കാട്ടുശേരി പഞ്ചായത്തിൻ്റെ ഭാഗമാണ് മാക്കേക്കടവ്. കോട്ടയം ഉദയനാപുരം പഞ്ചായത്തിന്റെ ഭാഗമാണ് നേരേകടവ്. 800 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമാണ് പാലം നിർമാണം പൂർത്തിയായിരിക്കുന്നത് സംസ്‌ഥാന ഫണ്ടിൽ 98.09 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിൽ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസാണ് കരാറെടുത്ത് നിർമിച്ചത് 22 സ്‌പാനുകളാണ് പാലത്തിനുള്ളത് മധ്യത്തിലായി 47. 16 മീറ്റർ നീളമുള്ള 2 നാവിഗേഷൻ സ്പാനുകളുമുണ്ട്. പാലത്തിൻ്റെ ഇരുകരകളിലുമായി 60 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും ഇരു കരകളിലും സർവീസ് റോഡുകളുമുണ്ട്.
നിലവിൽ മാക്കേക്കടവ്- നേരേകടവ് കായൽ കടക്കാൻ ഇരുചക്ര വാഹനം മാത്രം കയറുന്ന ചങ്ങാടമുണ്ട്. മറ്റു വാഹന ഉടമകൾ കിലോമീറ്ററുകൾ ചുറ്റി തണ്ണീർമുക്കം ബണ്ട് വഴി യാത്ര ചെയ്യണം. പാലം തുറന്നാലും ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നേരേകടവിൽ നിന്നു വൈക്കം റോഡിലേക്കു പോകാൻ പ്രയാസം നേരിടും റോഡിന്റെയും കലുങ്കുകളുടെയും വീതിക്കുറവാണ് കാരണം.
