കൗമാരപ്രായക്കാരും യുവാക്കളുമായ കുറ്റവാളികൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ട് ബോസ്റ്റൽ സ്‌കൂളുകൾ വരുന്നു. 18-നും 21-നും ഇടയിൽ പ്രായമുള്ള കുറ്റവാളികളെ താമസിപ്പിക്കാനാണ് ഇവ സ്ഥാപിക്കുന്നത്. തിരുവനന്തപുരത്തും കണ്ണൂരുമാണ് പുതിയ ബോസ്റ്റൽ സ്കൂൾ സ്ഥാപിക്കുക. ഇതുസംബന്ധിച്ചുള്ള ഉത്തരവ് അടുത്തദിവസം ഇറങ്ങും. കേന്ദ്ര സർക്കാറിൻ്റെ സഹായത്തോടെയാണ് പദ്ധതി. നിലവിൽ കേരളത്തിലെ ഏക ബോസ്റ്റൽ സ‌്കൂൾ എറണാകുളം കാക്കനാട്ടാണ്.
സ്വഭാവ രൂപവത്കരണം, തൊഴിൽപരിശീലനം, ചെയ്‌തുപോയ തെറ്റുകൾക്ക് തിരുത്തൽ സൗകര്യം, വിദ്യാഭ്യാസം എന്നിവ നൽകുന്ന പ്രത്യേക സ്ഥാപനമാണിത്. കൗമാരക്കാരായ കുറ്റവാളികളെ സാധാരണ ജയിലുകളിൽനിന്ന് മാറ്റിപ്പാർപ്പിച്ച്, നല്ല രീതിയിലുള്ള സ്വഭാവരൂപവത്കരണത്തിലൂടെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് തിരികെയെത്തിക്കുകയാണ് ബോസ്റ്റൽ സ്‌കൂളിൻ്റെ പ്രധാന ലക്ഷ്യം. ഇത്തരത്തിലുള്ള സ്ഥാപനം ആദ്യമായി സ്ഥാപിച്ചത് കണ്ണൂരിലായിരുന്നു. പിന്നീട് 1995 ഓഗസ്റ്റ് അഞ്ചിന് കണ്ണൂരിൽനിന്ന് കാക്കനാട്ടേക്ക് മാറ്റി സ്ഥാപിച്ചു.
ബോസ്റ്റൽ സ്‌കൂളിൽ ജയിലിനോട് സാദൃശ്യമുള്ളതൊന്നും കാണാൻ സാധിക്കില്ല. ഒരു ‘ചെറിയ ജയിൽ’ എന്ന രീതിയിലും നിർമിക്കരുതെന്നാണ് ചട്ടം. സെൻട്രൽ ജയിലിനോടുചേർന്നുള്ള സ്ഥലത്തോ കുറ്റവാളികളുമായി ചേർന്ന് നിൽക്കുന്ന മറ്റ് ജയിലിന് സമീപമോ ബോസ്റ്റൽ സ്‌കൂൾ പാടില്ലെന്ന ചട്ടവുമുണ്ട്.
മുതിർന്ന തടവുകാർക്കൊപ്പം ജയിലിൽ കുട്ടികളെ പാർപ്പിച്ചാൽ കൂടുതൽ കുറ്റവാളികളായി പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥനത്തിലാണ് പ്രത്യേകമായി പാർപ്പിക്കുന്നത്. ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചാൽ അത്തരം സാഹചര്യം ഒഴിവാക്കാൻ പറ്റും. 18 വയസ്സിന് താഴെയുള്ള കുറ്റവാളികളെ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ജുവനൈൽ ഹോമിലാണ് പാർപ്പിക്കുന്നത്.
ബോസ്റ്റൽ സ്‌കൂളിൻ്റെ പ്രവർത്തനങ്ങൾ
അന്തേവാസികൾക്ക് അടിസ്ഥാന സാക്ഷരതാക്ലാസുകൾ, ഉന്നത വിദ്യാഭ്യാസം, കംപ്യൂട്ടർ പരിശീലനം, തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ, കായികപരിശീലനം, കൗൺസലിങ് എന്നിവ നൽകും. പോലീസ് യൂണിഫോം ധരിച്ചവരല്ല അവിടെ കാര്യങ്ങൾ നിയന്ത്രിക്കുന്നത്. അധ്യാപകരും സഹായികളുമുണ്ടാകും.
