തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദം വഹിക്കുന്നതിന്റെ റെക്കോർഡ് നരേന്ദ്ര മോദി സ്വന്തമാക്കിയിരിക്കുന്നു. പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനൊപ്പമാണ് മോദിയെത്തുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് തുടർച്ചയായി 4397 ദിവസം (12 വർഷം 14 ദിവസം) ഇന്ന് നരേന്ദ്ര മോദി പൂർത്തിയാക്കും. 2014 മേയ് 26 നാണ് മോദി പ്രധാനമന്ത്രിയായത്. പിന്നീട് 2019 മേയ് 30നും 2024 ജൂൺ 9നും സത്യപ്രതിജ്‌ഞ ചെയ്തു.
1947 ഓഗസ്റ്റ് 15നാണ് ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായത്. എന്നാൽ ആദ്യ പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് നെഹ്റു പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്തത് 1952 മേയ് 13നാണ്. അന്നു മുതൽ 1964 മേയ് 27ന് അന്തരിക്കുന്നതുവരെ തുടർച്ചയായി 4397 ദിവസം അദ്ദേഹം പ്രധാനമന്ത്രിപദം വഹിച്ചു. 1957ലും 1962ലും തുടർഭരണം ലഭിച്ചു.
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി പ്രധാനമന്ത്രി പദത്തിലിരുന്നതിൻ്റെ റെക്കോർഡ് (5416 ദിവസം) ഇന്ദിരാ ഗാന്ധിയ്ക്കാണ്. പക്ഷേ ഇതിനൊരു ഇടവേളയുണ്ട് (1977 – 1980; 1026 ദിവസം). 1966 ജനുവരി 24നാണ് ഇന്ദിര ആദ്യമായി പ്രധാനമന്ത്രിയായത്. എന്നാൽ ആദ്യ നിയോഗം (413 ദിവസം) പൊതുതിരഞ്ഞെടുപ്പിലൂടെയല്ലായിരുന്നു. ലാൽ ബഹദൂർ ശാസ്ത്രിയുടെ ആകസ്മിക നിര്യാണത്തെ തുടർന്നാണിത്. മോദി ഇന്ദിരയ്ക്കൊപ്പമെത്താൻ 2029 മാർച്ച് 24 വരെ കാത്തിരിക്കണം.
സ്വതന്ത്ര്യലബ്ധി (1947 ഓഗസ്‌റ്റ് 15) മുതലുള്ള കണക്കെടുത്താൽ കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്നവരിൽ നരേന്ദ്ര മോദി മൂന്നാം സ്ഥാനത്താണ് (4397 ദിവസം). ജവാഹർലാൽ നെഹ്റു (1947 – 1964; 6130 ദിവസം), ഇന്ദിരാ ഗാന്ധി (1966 1977, 1980 – 1984; ഇടവേളയോടെ 5829 ദിവസം) എന്നിവർക്കാണ് ആദ്യ രണ്ടു സ്ഥാനങ്ങൾ.
