ദേശീയപാത 183-66 എന്നിവയെ ബന്ധിപ്പിക്കുന്ന നിർദിഷ്ട കോട്ടയം- എറണാകുളം ഇടനാഴിക്കു ദേശീയപാത പദവി ലഭിക്കുന്നതിനു നാഷണൽ ഹൈവേ അതോറിറ്റിയുമായി (എൻഎച്ച്എഐ) ഒരു വട്ടം ചർച്ച പൂർത്തിയായെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. അടുത്ത യോഗം ന്യൂഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിൽ നടക്കും. അതിനുമുൻപു കേരളത്തിനു വേണ്ട ആവശ്യങ്ങൾ പൊതുമരാമത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ വഴി തയാറാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോട്ടയം മുളങ്കുഴയിൽ ദേശീയപാത 183 ൽ നിന്ന് ആരംഭിക്കുന്ന ഇടനാഴി തൃപ്പൂണിത്തുറ മാർക്കറ്റിനു സമീപം ദേശീയപാത 66ന്റെ സമാന്തര പാതയായ കുണ്ടന്നൂർ- അങ്കമാലി ബൈപാസിൽ എത്തും വിധമാണ് കരട് നിർദേശമുള്ളത്. ഈ കരട് നിർദേശം കെ. ഫ്രാൻസിസ് ജോർജ് എംപി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു കൈമാറിയിട്ടുണ്ട്. നിർദേശം പഠിക്കാൻ കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറിക്കു ഗഡ്കരി നിർദേശം നൽകിയിട്ടുണ്ട്.
ദേശീയപാത പദവി ലഭിക്കാൻ സംസ്ഥാനം കേന്ദ്രത്തോട് ശുപാർശ നടത്തണം. കഴിഞ്ഞ ദിവസം ചേർന്ന എംപിമാരുടെ യോഗത്തിൽ ഫ്രാൻസിസ് ജോർജ് ഇക്കാര്യം ഉന്നയിക്കുകയും മുഖ്യമന്ത്രി വി.ഡി.സതീശൻ അനുകൂല നിലപാട് എടുക്കുകയും ചെയ്തു. കോട്ടയം-എറണാകുളം യാത്രയുടെ സമയം ഒരു മണിക്കൂറാക്കി ചുരുക്കുന്ന നിർദിഷ്ട അതിവേഗ പാതയുടെ ഭൂരിഭാഗവും തൂണുകൾ വഴിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
60 കിലോമീറ്ററണ് ദൂരം. കോട്ടയത്ത് നിന്നാരംഭിച്ച് കുമരകം, തോട്ടകം, ഉദയനാപുരം, പൂത്തോട്ട, പുതിയകാവ് വഴി തൃപ്പൂണിത്തുറയിൽ എത്തിച്ചേരും. ഏതാണ്ട് പൂർണമായും പുതിയ റോഡാണ് നിർമിക്കുന്നത്. എൻഎച്ച്എഐ ഏറ്റെടുത്താൽ നിർമാണത്തിനുള്ള തുക കേന്ദ്രത്തിൽ നിന്നു ലഭിക്കും. മധ്യകേരളത്തിന്റെ വാണിജ്യ, വ്യവസായ, ടൂറിസം രംഗത്ത് നിർണായക മാറ്റം കൊണ്ടുവരാൻ സാധിക്കുന്നതാണ് ഈ നിർദിഷ്ട ഇടനാഴി.
