ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് അനുമതി

ഡെങ്കിപ്പനി പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്‌സിന് വിപണനാനുമതി ലഭിച്ചു. ജാപ്പനീസ് ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ടകെഡ (Takeda) വികസിപ്പിച്ച QDENGA എന്ന വാക്സിനാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അംഗീകാരം നൽകിയത്.

4 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് ഈ വാക്‌സിൻ സ്വീകരിക്കാം. നേരത്തെ ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ വാക്‌സിൻ നൽകാമെന്നതാണ് ഇതിൻ്റെ പ്രത്യേകത. കൂടാതെ, വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പ് പ്രത്യേക പരിശോധന (Pre-vaccination Screening) ആവശ്യമില്ല.

രണ്ട് ഡോസ് വാക്സ‌ിൻ

QDENGA രണ്ട് ഡോസുകളായാണ് നൽകുന്നത്. ഓരോ ഡോസും 0.5 മില്ലി ലിറ്റർ വീതമാണ്. ആദ്യ ഡോസിന് ശേഷം മൂന്ന് മാസത്തിന് ശേഷമാണ് രണ്ടാം ഡോസ് നൽകേണ്ടത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് വൈറസ് വകഭേദങ്ങൾക്കും (Serotypes) എതിരേ പ്രതിരോധശേഷി നൽകുന്ന തരത്തിലാണ് വാക്‌സിൻ വികസിപ്പിച്ചതെന്ന് ടകെഡ അറിയിച്ചു.

28,000-ലധികം പേരിൽ ക്ലിനിക്കൽ പരീക്ഷണം

വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്‌തിയും വിലയിരുത്തുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 28,000-ലധികം പേരെ ഉൾപ്പെടുത്തി നടത്തിയ 19 ഘട്ടങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്.

ഇന്ത്യയിൽ 4 മുതൽ 60 വയസ്സ് വരെയുള്ളവരിൽ നടത്തിയ മൂന്നാംഘട്ട (Phase III) പരീക്ഷണത്തിലും വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതായി കമ്പനി അറിയിച്ചു.

ഏഴ് വർഷം വരെ സംരക്ഷണം

ഏഴ് വർഷത്തെ പഠന വിവരങ്ങൾ പ്രകാരം, ഡെങ്കിപ്പനി ബാധിക്കാനുള്ള സാധ്യതയും ഗുരുതരാവസ്ഥയിലായി ആശുപത്രിയിൽ പ്രവേശിക്കേണ്ട സാഹചര്യമുമെല്ലാം കുറയ്ക്കാൻ വാക്‌സിന് കഴിയുന്നുണ്ടെന്ന് ടകെഡ വ്യക്തമാക്കി. 2022-ൽ ആഗോളതലത്തിൽ അവതരിപ്പിച്ച ശേഷം 43 രാജ്യങ്ങളിൽ ODENGAയ്ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും 3.2 കോടിയിലധികം ഡോസുകൾ വിതരണം ചെയ്‌തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

നിർണായക അംഗീകാരം

ലോകത്തിലെ ഡെങ്കിപ്പനി കേസുകളിൽ ഏകദേശം മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് ടാഡയുടെ വിലയിരുത്തൽ. നഗരവത്കരണം, കാലാവസ്ഥാ വ്യതിയാനം, കൊതുകുകളുടെ വ്യാപനം എന്നിവ ഡെങ്കിപ്പനി വ്യാപനത്തിന് പ്രധാന കാരണങ്ങളായി തുടരുന്ന സാഹചര്യത്തിൽ ഈ വാക്‌സിൻ പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷ.

ലോകാരോഗ്യ സംഘടനയുടെ ശുപാർശ

ഡെങ്കിപ്പനി വ്യാപകമായ പ്രദേശങ്ങളിൽ ODENGA ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്തിട്ടുണ്ട്. വാക്സ‌ിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഇതോടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്ത‌ി എന്നിവ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന വാക്‌സിനായി ഇത് അംഗീകരിക്കപ്പെടുകയും യൂനിസെഫ് പോലുള്ള അന്താരാഷ്ട്ര ഏജൻസികൾക്ക് വാങ്ങാൻ യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.