പൊള്ളിക്കാൻ മിന്നൽ വരുന്നു; കോട്ടയം ഹോട്സ്പോട്; രക്ഷയ്ക്ക് വഴികളേത്?

തുലാവർഷത്തിന്റെ പ്രത്യേകതയാണ് ഇടിമിന്നലോടു കൂടിയ മഴ എന്നാൽ തുലാവർഷം ആരംഭിക്കുന്നതിനു മുൻപു തന്നെ ഇടിമിന്നൽ ശക്തിപ്രാപിച്ചുകഴിഞ്ഞു പകൽ സമയത്ത് ചൂടും ഉച്ചയ്ക്കുശേഷം ഇടിമിന്നലോടു കൂടിയ മഴയും സാധാരണമാണ്. ഇങ്ങനെ ചൂടുപിടിച്ച വായു മുകളിലേക്ക് ഉയരുകയും തണുത്ത വായു താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഈ താപ കൈമാറ്റ പ്രക്രിയ സംവഹനം അഥവാ കൺവെക്ഷൻ എന്നറിയപ്പെടുന്നു. സംവഹനം ശക്തമായി നടക്കുമ്പോൾ മേഘങ്ങൾക്കുള്ളിൽ വൈദ്യുത ചാർജുകളുടെ വേർതിരിവിന് വഴിയൊരുക്കുകയും അതിന്റെ ഫലമായി മിന്നലും ഇടിയും ഉണ്ടാകുകയും ചെയ്യുന്നു.

മിന്നലിനെ തടുക്കാം ജാഗ്രത പാലിക്കാം

. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. ജനലും വാതിലും അടച്ചിടുക.

. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്.

. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പ‌ർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

. തുറസ്സായ സ്ഥ‌ലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല, കാൽമുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.

. ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാം.

. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്‌ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക.

. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

. വൈദ്യുതോപകരണങ്ങളുടെ സാമീപ്യം മിന്നലുള്ളപ്പോൾ ഒഴിവാക്കുക

. മിന്നലുള്ളപ്പോൾ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

. മിന്നലുള്ളപ്പോൾ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.

. മിന്നലുള്ളപ്പോൾ കുളിക്കുന്നതും പാത്രം കഴുകുന്നതും ഒഴിവാക്കുക.

. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. ടാപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം. നീന്തൽ കുളത്തിലോ പുഴയിലോ ആണെങ്കിൽ ഉടൻ കരയിൽ കയറുക.

. വൈദ്യുതി നിലത്തു കൂടി തിരശ്ചീനമായി പടരാൻ സാധ്യതയുള്ളതിനാൽ നിലത്തു കിടക്കുന്നത് അപകടകരമാകും.

. ഒരു ഗ്രൂപ്പായി പുറത്താണെങ്കിൽ ഓരോരുത്തരും 100 അടി എങ്കിലും അകലത്തിൽ നിൽക്കുക.

. ആഭരണങ്ങളോ വാച്ചോ മാറ്റുന്നതു കൊണ്ട് മിന്നലിൽ നിന്നു രക്ഷപെടാൻ കഴിയില്ല.

വാഹനങ്ങൾ സുരക്ഷിതമാണോ?

അതെ, മിന്നലുള്ളപ്പോൾ വാഹനങ്ങളിൽ അഭയം തേടാവുന്നതാണ്. മിന്നലുള്ള സമയത്ത് വാഹനത്തിനകത്തു തന്നെ തുടരുക. കൈകാലുകൾ പുറത്തിടരുത് വിൻഡോ ഗ്ലാസ് താഴ്ത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.