ജനിച്ചപ്പോൾ തന്നെ ഉപേക്ഷിക്കപ്പെട്ട്, പിന്നീട് ഗുരുതരമായി പരിക്കേറ്റ് ദയാവധത്തിന് വിധി എഴുതിയ കോടനാട് അഭയാരണ്യത്തിലെ 18 മാസം പ്രായമുള്ള ആനക്കുട്ടിയെ അത്യാധുനിക ചികിത്സയ്ക്കായി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാരയിലേക്ക് മാറ്റി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനമാർഗമാണ് ആനക്കുട്ടിയെ ഗുജറാത്തിലേക്ക് കൊണ്ടുപോകുന്നത്.
കാട്ടാനക്കൂട്ടം ഉപേക്ഷിച്ച നിലയിൽ ജനിച്ചതിൻ്റെ പിറ്റേന്നാണ് ഒരു ദിവസം മാത്രം പ്രായമുള്ളപ്പോൾ ഈ ആനക്കുട്ടിയെ കോടനാട് അഭയാരണ്യത്തിൽ ലഭിക്കുന്നത്. ജനിച്ചപ്പോൾ തന്നെയുണ്ടായിരുന്ന ജനിതക രോഗങ്ങളും വൈകല്യങ്ങളും തരണംചെയ്ത്, അഭയാരണ്യത്തിലെ ഡോക്ടർമാരും പാപ്പാന്മാരും പാലൂട്ടിയും പോഷകാഹാരങ്ങൾ നൽകിയുമാണ് 18 മാസം വരെ വളർത്തിയത്. എന്നാൽ, കഴിഞ്ഞ കുറച്ചുകാലം മുൻപ് വീണ് ആനക്കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
തുടർന്ന് എഴുന്നേറ്റുനിൽക്കാൻ കഴിയാതെ മാസങ്ങളോളം കിടപ്പിലായ ആനക്കുട്ടിയെ പരിചരിക്കുന്നതിൽ കോടനാട്ടെ പരിമിതമായ ചികിത്സാ സംവിധാനങ്ങൾ തടസ്സമായി. നേരത്തെ കേന്ദ്ര വനംവകുപ്പ് സഹമന്ത്രി പലതവണ കോടനാടെത്തി ആനക്കുട്ടിയെ സന്ദർശിക്കുകയും നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവിടെയുള്ള സംവിധാനങ്ങൾ വെച്ച് ചികിത്സിക്കുന്നതിന് പരിമിതികളുള്ളതിനാൽ ദയാവധം മാത്രമാണ് ഏക പരിഹാരമെന്ന റിപ്പോർട്ട് കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. അതിനായി വനമന്ത്രിയടക്കം നിർദ്ദേശിച്ച് നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു.
ദയാവധത്തിനുള്ള നടപടികൾ നീങ്ങുന്നതിനിടയിലാണ് വൻതാരയിലെ ചീഫ് വെറ്ററിനറി ഡോക്ടറും മലയാളിയായ വെറ്ററിനറി സർജനും കോടനാടെത്തി ആനക്കുട്ടിയെ പരിശോധിച്ചത്. തുടർന്ന്, വൻതാര ആനക്കുട്ടിയെ ഏറ്റെടുത്ത് ചികിത്സ നൽകാമെന്ന് മുന്നോട്ടുവരികയായിരുന്നു. ഹോർമോൺ തെറാപ്പി, ജീൻ തെറാപ്പി തുടങ്ങിയ അത്യാധുനിക ചികിത്സ നൽകി ആറുമാസത്തെ ശ്രമം കൊണ്ട് ആനക്കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാമെന്ന് വൻതാരയിലെ ഡോക്ടർമാർ അറിയിച്ചു. പൂർണമായ ഉറപ്പ് നൽകാനാവില്ലെങ്കിലും. ആനക്കുട്ടിയെ രക്ഷിക്കാനുള്ള ഈ അവസാന ശ്രമത്തിന്റെ ഭാഗമായി സ്വന്തം ചെലവിൽ പ്രത്യേക വിമാനമടക്കം സജ്ജമാക്കിയാണ് വൻതാരയും വനംവകുപ്പും കൈകോർത്തത്.
കോടനാട് അഭയാരണ്യത്തിൽനിന്ന് അനിമൽ ആംബുലൻസിലാണ് ആനക്കുട്ടിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റിയത് കിടപ്പിലായതിനാൽ ആളുകൾ എടുത്താണ് ആനക്കുട്ടിയെ ആംബുലൻസിലേക്ക് മാറ്റിയത് തുടർന്ന് ചാർട്ടേഡ് ഫ്ലൈറ്റിൽ ആനക്കുട്ടിയെ വൻതാരയിലേക്ക് മാറ്റും. വൻതാരയിലെ വെറ്ററിനറി സംഘത്തോടൊപ്പം ആനക്കുട്ടിയെ ഇതുവരെ പരിചരിച്ച കോടനാട്ടെ പാപ്പാന്മാരും വെറ്ററിനറി സംഘവും ഗുജറാത്തിലേക്ക് പോകുന്നുണ്ട്. അവരും വൻതാരയിലെത്തി ചികിത്സയുടെയും നിരീക്ഷണത്തിന്റെയും ഭാഗമാകും.
അനന്ത് അംബാനിയുടെ നേതൃത്യത്തിൽ ഗുജറാത്തിലെ ജാഹ്നഗറിൽ 3500 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വൻതാര ലോകത്തിലെ തന്നെ ഏറ്റവും വലിയ ആനിമൽ റെസ്ക്യൂ കേന്ദ്രമാണ്. വന്യമൃഗ ചികിത്സയിൽ വിദഗ്ധമായ 80-ഓളം മുഴുവൻ സമയ ഡോക്ടർമാരും ലോകോത്തര സംവിധാനങ്ങളും ഇവിടെയുണ്ട്. ആനകൾക്കായുള്ള പ്രത്യേക ആംബുലൻസ്, ഹോട്ട് സ്പാ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുള്ള വൻതാരയിൽ എത്തിക്കുന്നതോടെ ആനക്കുട്ടി പൂർണ സുഖംപ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
