കടുത്ത വേനലിലും വ്യവസായ മേഖലയിലെ ഉണർവ്വിനെത്തുടർന്നും രാജ്യത്തെ വൈദ്യുതി ആവശ്യകത റെക്കോർഡ് ഉയരത്തിലേക്ക്. ഈ സാഹചര്യത്തിലും ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലെ വൈദ്യുതി വിലയിൽ കുറവുണ്ടായത് ആശ്വാസമാകുന്നു. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള ഉൽപാദനം വർദ്ധിച്ചതാണ് വൈദ്യുതി വില നിയന്ത്രിക്കാൻ സഹായിച്ചതെന്ന് ഐഎക്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എനർജി എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി വ്യാപാരത്തിൽ 17 ശതമാനം വർദ്ധന രേഖപ്പെടുത്തി.
ആകെ 141 ബില്യൺ യൂണിറ്റ് വൈദ്യുതിയാണ് വിനിമയം ചെയ്യപ്പെട്ടത്. മാർച്ചിൽ മാത്രം രാജ്യത്തെ ഊർജ്ജ ഉപഭോഗം 149.56 ബില്യൺ യൂണിറ്റായി ഉയർന്നു. വിപണിയിൽ വൈദ്യുതി ലഭ്യമായതോടെ ഡേ-അഹെഡ് മാർക്കറ്റിലെ ശരാശരി വിലയിൽ 13.7 ശതമാനം കുറവുണ്ടായി. യൂണിറ്റിന് 3.86 രൂപയായാണ് വില താഴ്ന്നത്.
റിയൽ ടൈം മാർക്കറ്റിലും വില കുറഞ്ഞു. ഹരിത ഊർജ്ജ വിപണിയിൽ 23 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. പകൽ സമയത്തെ വലിയ ആവശ്യകത നിറവേറ്റാൻ സൗരോർജ്ജം നിർണ്ണായക പങ്കുവഹിക്കുന്നു. വൈദ്യുതി വിതരണ കമ്പനികൾക്ക് കുറഞ്ഞ വിലയിൽ വൈദ്യുതി ലഭ്യമായത് സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സഹായിക്കും.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഗ്യാസ് അധിഷ്ഠിത നിലയങ്ങളിൽ നിന്നുള്ള ഉൽപാദനം കുറഞ്ഞെങ്കിലും, താപവൈദ്യുത നിലയങ്ങളും പുനരുപയോഗ ഊർജ്ജവും ചേർന്നാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നത്. വരും മാസങ്ങളിൽ രാജ്യത്തെ പരമാവധി വൈദ്യുതി ആവശ്യകത 283 ജിഗാവാട്ട് വരെ ഉയർന്നേക്കാമെന്നാണ് ഊർജ്ജ മന്ത്രാലയത്തിൻ്റെ വിലയിരുത്തൽ.
സൗരോർജ്ജത്തിൻ്റെ ലഭ്യത പകൽ സമയത്തെ ലോഡ് കുറയ്ക്കുമ്പോൾ, രാത്രികാലങ്ങളിലെ ആവശ്യകത നിറവേറ്റാൻ കൽക്കരി അധിഷ്ഠിത താപനിലയങ്ങളെയാണ് രാജ്യം പ്രധാനമായും ആശ്രയിക്കുന്നത്.
