സാംക്രമിക രോഗവ്യാപനം: കേരളത്തിൽ ദുരന്തസമാനമായ സാഹചര്യമെന്ന് വിലയിരുത്തൽ

സാംക്രമിക രോഗവ്യാപനത്തിൽ സംസ്‌ഥാനത്ത് ദുരന്തസമാന സാഹചര്യമെന്നു വിലയിരുത്തി ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റങ്ങൾ കാരണം എച്ച്1എൻ1, ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ 2017ന് സമാനമായി വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ദുരന്ത സാഹചര്യങ്ങളിലേതു പോലെ വിവിധ വകുപ്പുകൾ ചേർന്നു പ്രവർത്തിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്ന് മന്ത്രിതല യോഗത്തിൽ നിർദേശം നൽകി.

ജല-ഭക്ഷണ ജന്യരോഗമായ ഷിഗെല്ല ബാധിച്ച് കോഴിക്കോട്ട് ഒരു കുട്ടി മരിക്കുകയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രോഗം കൂടുതൽ പേരിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷ, തദ്ദേശ വകുപ്പുകളോട് കർശനമായ പരിശോധനയ്ക്കും നിർദേശം നൽകി. ആലപ്പുഴയിൽ ഷിഗെല്ല ബാധയ്ക്കു കാരണമായ ബാക്ടീരിയയുടെ ഉറവിടം കണ്ടെത്തിയെങ്കിലും കോഴിക്കോട്ടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തിരുവനന്തപുരം, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിൽ ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ രോഗങ്ങൾക്കു വലിയ സാധ്യതയുണ്ട്. വിവിധ വകുപ്പുകൾ ചേർന്നുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർദേശം നൽകിയിരുന്നു. എച്ച്1എൻ1 രോഗം സാധാരണ ജലദോഷപ്പനിയായി തെറ്റിദ്ധരിക്കാറുള്ളതിനാൽ പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള ഗർഭിണികൾ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിൽ ചികിത്സ തേടണം. ഈ രോഗം ഗർഭസ്ഥശിശുക്കളുടെ മരണത്തിനു കാരണമാകാറുണ്ട്.