കാൻസർ മരുന്നുകളുടെ വില കുത്തനെ കുറയും; ട്രേഡ് മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്തി കേന്ദ്രസർക്കാർ

രാജ്യത്തെ കാൻസർ രോഗികൾക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം. കാൻസർ മരുന്നുകളുടെ ട്രേഡ് മാർജിൻ പരമാവധി 30 ശതമാനമായി പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടു. സുപ്രിം കോടതിയുടെ കർശന നിർദേശത്തെ തുടർന്നാണ് ഈ ചരിത്രപരമായ നടപടി.

പുതിയ തീരുമാനപ്രകാരം നാഷണൽ എസൻഷ്യൽ മെഡിസിൻ ലിസ്റ്റിൽ (NLEM) ഉൾപ്പെടാത്ത എല്ലാ പ്രൈവറ്റ്, ജനറിക്, ബ്രാൻഡഡ്, ഇറക്കുമതി ചെയ്യുന്ന കാൻസർ മരുന്നുകൾക്കും ഈ പരിധി ബാധകമാകും. മരുന്ന് നിർമ്മാതാക്കൾ വിതരണക്കാർക്കും റീട്ടെയിലർമാർക്കും നൽകുന്ന വിലയും, ഉപഭോക്താക്കൾക്ക് ഈടാക്കുന്ന പരമാവധി വിലയും (MRP) തമ്മിലുള്ള അമിത വ്യത്യാസം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ വിപണിയിൽ കാൻസർ മരുന്നുകളുടെ വിലയിൽ 70 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ രാജ്യത്തെ കാൻസർ രോഗികൾക്ക് പ്രതിവർഷം ഏകദേശം 2,500 കോടി രൂപയുടെ വലിയ സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

35 പേറ്റന്റുള്ള മരുന്നുകൾ ഉൾപ്പെടെ 110-ലധികം പ്രമുഖ കാൻസർ പ്രതിരോധ മരുന്നുകളെ ഈ ഉത്തരവ് നേരിട്ട് സഹായിക്കും. നേരത്തെ, അവശ്യമരുന്നുകളുടെ പട്ടികയിലുള്ള (NLEM) 131 കാൻസർ മരുന്നുകൾക്ക് മാത്രമായിരുന്നു നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയുടെ വിലനിയന്ത്രണം ഉണ്ടായിരുന്നത്. എന്നാൽ ഈ പുതിയ ഉത്തരവോടെ, പട്ടികയ്ക്ക് പുറത്തുള്ള മരുന്നുകൾക്ക്മേൽ വിതരണക്കാരും ആശുപത്രികളും ഈടാക്കിയിരുന്ന ഭീമമായ ലാഭവിഹിതം ഇല്ലാതാവുകയും, സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ മരുന്നുകൾ ലഭ്യമാവുകയും ചെയ്യും. കാൻസർ ചികിത്സാ രംഗത്തെ ചൂഷണങ്ങൾക്ക് തടയിടുന്നതാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം.