സ്വർണവിലയിൽ വീണ്ടും ഇടിവ്, തുടർച്ചയായ രണ്ടാം ദിവസവും താഴോട്ട്

സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയും പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപയുമായി. സ്വർണവില ഇന്നലെ രാവിലെ കുറഞ്ഞെങ്കിലും ഉച്ചയോടെ തിരിച്ചു കയറിയിരുന്നു. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലി സഹിതം 1,24,500 രൂപയെങ്കിലും വേണ്ടി വരും.

പശ്ചിമേഷ്യൻ സംഘർഷമാണ് പ്രധാനമായി സ്വർണവിലയെ സ്വാധീനിക്കുന്നത്. ഇതിനെ തുടർന്ന് എണ്ണവില കൂടുന്നതും കുറയുന്നതും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അടുത്ത ദിവസങ്ങളിലും സ്വർണം, വെള്ളി എന്നിവ ചാഞ്ചാട്ടത്തിലാവാനാണ് സാധ്യതയെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

കഴിഞ്ഞ മാസം മൂന്നാഴ്ചയ്ക്കിടെ 26,000 രൂപയിലേറെ ഇടിഞ്ഞ് ഒരു ലക്ഷത്തിൽ താഴെയെത്തിയ ശേഷമാണ് വില തിരിച്ചുകയറിയത്. ജനുവരി 31ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

വിലയിൽ ഉണ്ടായ ഇടിവ് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം നൽകുന്നതാണ്. വിവാഹ സീസണിലെ വിലയിടിവ് വിപണിക്കും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. വിഷു പോലെയുള്ള വിശേഷ ദിവസങ്ങളിൽ സ്വർണം സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് വിലയിലെ കുറവ് ആശ്വാസകരമാകും. എന്നാൽ വില നന്നായി കുറഞ്ഞാലേ വിപണി സജീവമാകാനുള്ള സാധ്യത കാണുന്നുള്ളൂ എന്നാണ് വ്യാപാരികൾ പറയുന്നത്.