പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്. വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തിൽ വർധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയിൽ പെട്രോളിന് 108.62 രൂപയായി. ഡീസൽ വില ലിറ്ററിന് 97.55 രൂപയായും ഉയർന്നു. പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിനൊപ്പം സിഎൻജി വിലയും കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്. രണ്ടുരൂപയാണ് സിഎൻജി വില വർധിപ്പിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
