ജനന, മരണ രജിസ്‌ട്രേഷൻ വൈകിയാൽ ഇനി പണിയാകും: ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പരിശോധിച്ചുറപ്പ് വരുത്തേണ്ടി വരും

ജനനമോ മരണമോ സംഭവിച്ച് രണ്ടുവർഷം കഴിഞ്ഞാണ് രജിസ്ട്രേഷൻ നടത്തുന്നതെങ്കിൽ അതിന് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണമെന്ന നിബന്ധനയുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. നിലവിലെ ജനന- മരണ രജിസ്ട്രേഷൻ നിയമത്തിൽ 13 (3)(എ) വകുപ്പ് പുതുതായി കൂട്ടിച്ചേർത്താണ് ഭേദഗതി കൊണ്ടുവരുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് സഭയിൽ ബിൽ അവതരിപ്പിച്ചു.

നിലവിൽ ജനനമോ മരണമോ ഒരു വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പിന്നീട് എത്ര വൈകിയാലും ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റ് എന്നിവരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർചെയ്യാം. പുതിയ ഭേദഗതിബിൽ പ്രകാരം ജനനമോ മരണമോ സംഭവിച്ച് ഒരുവർഷം കഴിഞ്ഞാൽ രണ്ടുവർഷം പൂർത്തിയാകുന്നതിന് മുൻപുവരെ ജില്ലാ മജിസ്ട്രേറ്റോ സബ്ഡിവിഷണൽ മജിസ്ട്രേറ്റോ ജില്ലാ മജിസ്ട്രേറ്റ് അധികാരപ്പെടുത്തുന്ന എക്സിക്യുട്ടീവ് മജിസ്ട്രേറ്റോ നൽകുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ നടത്താം. ഇത്തരത്തിലുള്ള അപേക്ഷകളിൽ ജനനമോ മരണമോ യഥാർഥത്തിൽ നടന്നിട്ടുണ്ടോയെന്നും അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങളും രേഖകളും വിശ്വസനീയമാണോയെന്നും ബന്ധപ്പെട്ട മജിസ്ട്രേറ്റ് പരിശോധിക്കണം. സംഭവം നടന്ന പ്രദേശത്ത് അധികാരപരിധിയുള്ള മജിസ്ട്രേറ്റിനായിരിക്കും തീരുമാനമെടുക്കാനുള്ള അധികാരം. സർക്കാർ നിശ്ചയിക്കുന്ന ഫീസ് അടയ്ക്കണം.

രണ്ടുവർഷത്തിനുശേഷമുള്ള അപേക്ഷകളിൽ പ്രദേശത്ത് അധികാരപരിധിയുള്ള ജുഡീഷ്യൽ മജിസ്ട്രേറ്റാകണം രേഖകളും സാഹചര്യത്തെളിവുകളും പരിശോധിച്ച് ജനനമോ മരണമോ യഥാർഥമാണെന്ന് ഉറപ്പുവരുത്തി അനുമതി ഉത്തരവിറക്കേണ്ടത്. ഫീസും അപേക്ഷകൻ അടയ്ക്കണം. വ്യാജരേഖകൾ നിർമിച്ച് അനർഹമായ ആനുകൂല്യങ്ങൾ നേടാനും പൗരത്വ അവകാശവാദത്തിനുമടക്കം ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ തടയുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.