രണ്ടു കയ്യും ഹാൻഡിലിൽ വേണം; ഇല്ലെങ്കിൽ ഇരുചക്രവാഹനങ്ങൾ ഓടില്ല

ഹാൻഡിലിൽ നിന്ന് കൈവിട്ട് ഇരുചക്രവാഹനങ്ങൾ ഓടിച്ചുള്ള അഭ്യാസങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇരുചക്ര വാഹനങ്ങളുടെ ഹാൻഡിലിൽ രണ്ടു കൈകളും ഉണ്ടെന്ന് ഉറപ്പാക്കുന്ന ത്രിതല ‘ഹാൻഡ്‌സ് ഫ്രീ’ സാങ്കേതികവിദ്യ നിർമാതാക്കൾ നിർബന്ധമായും വാഹനങ്ങളിൽ ഉൾപ്പെടുത്തേണ്ടി വരും.

ഗതാഗത മന്ത്രാലയത്തിനു കീഴിലുള്ള ഓട്ടമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ്സ് കമ്മിറ്റിയാണ് (എഐഎസ്സി) ഇതിനുള്ള കരട് തയാറാക്കിയത്. വാഹനനിർമാതാക്കളുടെ പ്രതിനിധികളും കമ്മിറ്റിയിലുണ്ട്.

പുതിയ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നതോടെ ഇരുചക്ര വാഹനങ്ങളുടെ വിലയിൽ ചെറിയ തോതിലുള്ള വർധന ഉണ്ടാകും.

  •  8 സെക്കൻഡ് കഴിഞ്ഞിട്ടും കൈകൾ തിരികെ ഹാൻഡിലിൽ വച്ചില്ലെങ്കിൽ വാഹനത്തിന്റെ വേഗം തനിയെ കുറയും (കോസ്റ്റ് ഡൗൺ മോഡ്).
  •  വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ഏതെങ്കിലും ഒരു കൈ ഹാൻഡിലിൽ നിന്ന് മാറ്റിയാൽ 3 സെക്കൻഡിനുള്ളിൽ ഡിസ്പ്ലേയിൽ മുന്നറിയിപ്പും ഓഡിയോ അലർട്ടും മുഴങ്ങും
  •  ഹാൻഡിലിൽ രണ്ടു കൈകളും കൃത്യമായി വയ്ക്കാതെ എൻജിൻ സ്‌റ്റാർട്ട് ചെയ്യാനാകില്ല (ഇഗ്നിഷൻ ലോക്ക്)