ശബരിമലയിലെ യുവതീപ്രവേശനം: പുതിയ ഒമ്പതംഗ ബെഞ്ച് ഏപ്രിൽ 7 മുതൽ വാദം കേൾക്കും

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. വാദം കേൾക്കലടക്കമുള്ള തുടർനടപടികളും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിശ്ചയിച്ചു.

പുനഃപരിശോധനാ ഹർജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രിൽ 7 മുതൽ ഏപ്രിൽ 9 വരെ കേൾക്കും. എതിർക്കുന്നവരുടെ വാദങ്ങൾ ഏപ്രിൽ 14 മുതൽ ഏപ്രിൽ 16 വരെ കേൾക്കും. ഏപ്രിൽ 21ന് മറുപടി സത്യവാങ്മൂലങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 22-ന് വാദം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും..